ബംഗളൂരു: ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍.എ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേറുന്നു. ബംഗളൂരുവിന്റെ മികച്ച സാമാജികനെന്ന ഖ്യാതി നേടിയ നാലപ്പാട് അഹമ്മദ് ഹാരിസ് എന്ന എന്‍എ ഹാരിസ് നാലാം തവണയാണ് ശാന്തിനഗറില്‍ നിന്ന് ജനവിധി തേടുന്നത്. മൂന്നു തവണ എം.എല്‍.എയായ ഹാരിസിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷി ഭേദമന്യേ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബംഗളൂരു കേന്ദ്രീകരിച്ചുള്ള പ്രമുഖര്‍ അംഗങ്ങളായിട്ടുള്ള സിറ്റിസണ്‍ ഗ്രൂപ്പിന്റെ സര്‍വ്വെയില്‍ ബംഗളൂരുവിലെ 27 എം.എല്‍.എമാരില്‍ മികച്ച സാമാജികനായി ഹാരിസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ശാന്തിനഗറില്‍ നാലാം അങ്കത്തിനിറങ്ങുന്ന ഹാരിസ് മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഡിയു മല്ലികാര്‍ജുനയെ 13,797 വോട്ടുകള്‍ക്കും 2013ല്‍ ബിജെപിയിലെ വാസുദേവ മൂര്‍ത്തിയെ 20,205 വോട്ടുകള്‍ക്കും തോല്‍പ്പിച്ചാണ് ഹാരിസ് നിയമസഭയിലെത്തിയത്. 2018ല്‍ ബിജെപിയിലെ വാസുദേവ മൂര്‍ത്തിയെ തന്നെ വീണ്ടും തോല്‍പ്പിച്ച് ഹാട്രിക് നേടി. 18,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ഇത്തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍.എ ഹാരിസ്. ബംഗളൂരു നഗരത്തിന്റെ ഹൃദയഭാഗമാണ് ശാന്തിനഗര്‍. ഇന്ദിരാനഗര്‍, കേംബ്രിഡ്ജ് ലേഔട്, ഡൊംലൂര്‍, സെന്‍ട്രല്‍ ബെംഗ്ളൂറിലെ റിച് മണ്ട് റോഡ്, വിവേക് നഗര്‍, നീലസാന്ദ്ര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പെടെയുള്ള നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ ശാന്തിനഗര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെടുന്നു. വലിയ തോതില്‍ മലയാളികളുമുള്ള പ്രദേശങ്ങളാണിത്.
കഴിഞ്ഞ ദിവസം നടന്ന റോഡ്‌ഷോ വലിയ ആവേശമാണ് വിതറിയത്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. റോഡിനിരുവശവും വന്‍ജനാവലിയാണ് അദ്ദേഹത്തെ കാത്തുനിന്നത്. ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തും സ്‌നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയുമാണ് ഓരോ പോയിന്റും കടന്നുനീങ്ങിയത്. കാസര്‍കോട്ടെ പ്രമുഖ വ്യവസായി യുകെ യൂസുഫും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.
Post a Comment
0 Comments