കോട്ടയം: നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തില്‍ കയറിയ ജോബി കാല്‍ വഴുതി വീഴുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാല്‍ വഴുതി വീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോബി ജോര്‍ജ് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
ജോബി ജോര്‍ജും ഡ്രൈവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ വിനീത് രാജുവുമാണ് നൈറ്റ് പട്രോളിംഗിന് ഉണ്ടായിരുന്നത്. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ആനത്താറ എന്ന കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് ജോബി ജോര്‍ജും വിനീതും ഈ കെട്ടിടത്തിലെത്തി. മുറിയിലെത്തി തട്ടിവിളിച്ചിട്ടും വാതില്‍ തുറന്നിരുന്നില്ല. പിന്നാലെ ജോബി ജോര്‍ജ് കാലുകൊണ്ട് ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വാതിലില്‍ ചവിട്ടിയതിന്റെ സമ്മര്‍ദ്ദത്തില്‍ പിന്നോട്ടുവീണ് പരിക്കേല്‍ക്കുകയായിരുന്നു.
Post a Comment
0 Comments