ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാക്കണമെന്ന നിബന്ധന നിര്‍ബന്ധമായും പാലിക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ദേശീയ വിദ്യാഭ്യാസനയം ശിപാര്‍ശ ചെയ്യുന്ന 5+3+3+4 എന്ന രീതി നടപ്പാക്കാന്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്നതാണ് നിര്‍ദേശത്തിനു കാരണം.
മൂന്നുവര്‍ഷത്തെ പ്രീ സ്‌കൂള്‍, അങ്കണവാടി വിദ്യാഭ്യാസവും രണ്ടുവര്‍ഷത്തെ ക്ലാസ് ഒന്ന്, ക്ലാസ് രണ്ട് വിദ്യാഭ്യാസവും കുട്ടികള്‍ എട്ടുവയസിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ എന്ന പേരില്‍ കോഴ്‌സുകള്‍ രൂപവത്കരിക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ പ്രത്യേക പരിശീലനവും യോഗ്യതയും നേടിയ അധ്യാപകരുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന നിര്‍ ദേശം നടപ്പാക്കിയത്. കേരളത്തില്‍ അഞ്ചാംവയസില്‍ത്തന്നെ ഒന്നാംക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്.
ഇപ്പോഴത്തെ വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാംക്ലാസ് മുതല്‍ നാലാംക്ലാസ് വരെ പ്രൈമറി സ്‌കൂള്‍, അഞ്ചാംക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെ അപ്പര്‍ പ്രൈമറി, എട്ടു മുതല്‍ പത്തു വരെ ഹൈസ്‌കൂള്‍, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറി എന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാല്‍, പുതിയ വിദ്യാഭ്യാസ സന്പദ്രായം ഈ രീതിയെ അടിമുടി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. മൂന്നു വയസ് മുതല്‍ എട്ടു വയസു വരെ ഫൗണ്ടേഷണല്‍ സ്റ്റേജ്, എട്ടു മുതല്‍ 11 വയസ് വരെ പ്രിപ്പറേറ്ററി സ്റ്റേജ്, 11 മുതല്‍ 14 വയസ് വരെ മിഡില്‍ സ്റ്റേജ്, 14 മുതല്‍ 18 വയസ് വരെ സെക്കന്‍ഡറി സ്റ്റേജ് എന്നിങ്ങനെയാണ് പുതിയ പദ്ധതി.
Post a Comment
0 Comments