Type Here to Get Search Results !

Bottom Ad

സ്പീഡില്‍ ഓടാന്‍ കേരളം; ട്രെയിനുകളുടെ വേഗത 130 കി.മിയിലേക്ക്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026ഓടെ പൂര്‍ത്തിയാകും


ചെന്നൈ: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026ഓടെ പൂര്‍ത്തിയാകും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. മംഗളൂരു- ഷൊര്‍ണൂര്‍ റൂട്ടില്‍ 2025-ലും ഷൊര്‍ണൂര്‍- തിരുവനന്തപുരം റൂട്ടില്‍ (ആലപ്പുഴ വഴി) 2026ലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. അതേസമയം തിരുവനന്തപുരം- കോട്ടയം റൂട്ടിലെ വേഗം എപ്പോള്‍ 130 കിലോമീറ്ററാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പാളം മാറ്റി സ്ഥാപിക്കല്‍, വളവുകള്‍ ഇല്ലാതാക്കല്‍, പാലങ്ങള്‍ ബലപ്പെടുത്തല്‍, ഒട്ടോമാറ്റിങ് സിഗ്നലിങ് സംവിധാനം നവീകരിക്കല്‍, വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണി, കൂടുതല്‍ യാത്രക്കാര്‍ പാളം മുറിച്ചു കടക്കുന്ന ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2022 ഏപ്രിലിലാണ്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

മംഗളൂരു- ഷൊര്‍ണൂര്‍ ഭാഗത്ത് 110 കിലോമീറ്റര്‍ വേഗത്തിലും ഷൊര്‍ണൂര്‍- പോത്തന്നൂര്‍ റൂട്ടില്‍ 90 കിലോമീറ്റര്‍ വേഗത്തിലുമാണിപ്പോള്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഈ റൂട്ടുകളില്‍ 2025 മാര്‍ച്ചോടെയാണ് വേഗം 130 കിലോമീറ്ററാക്കുക.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ റൂട്ടില്‍ ഘട്ടം ഘട്ടമായാണ് വേഗം വര്‍ധിപ്പിക്കുക. തിരുവനന്തപുരം- കായംകുളം റൂട്ടില്‍ വേഗം 100ല്‍ നിന്ന് 110 കിലോമീറ്ററായും കായംകുളം- തൂറവൂര്‍ റൂട്ടില്‍ 90ല്‍ നിന്ന് 110 കിലോമീറ്ററായും എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കിലോമീറ്ററില്‍ നിന്ന് 90 കിലോമീറ്ററായും ആദ്യ ഘട്ടത്തില്‍ വേഗത വര്‍ധിപ്പിക്കും. തുടര്‍ന്ന് 130 കിലോമീറ്ററാക്കും.

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് (കോട്ടയം, ആലപ്പുഴ വഴി) ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള സാധ്യതാ പഠനം നടക്കുകയാണെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സാധ്യതാ പഠനം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad