ദോഹ: അല്‍ തുമാമ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ നിരാശനായി മുഖം കുനിച്ച് ഇരിക്കുകയായിരുന്നു പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമവസാനിപ്പിച്ച് ഗ്രൗണ്ട് വിട്ടത്.
അഞ്ചു തവണ ലോകകപ്പ് കളിച്ച ക്രിസ്റ്റ്യാനോയ്ക്ക് ലോകകപ്പ് കിരീടമെന്ന സ്വപ്നം കരിയറില്‍ ബാക്കിയാകും. മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് റൊണാള്‍ഡോ രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തിയത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകള്‍ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളില്‍ നിന്ന് പറന്നെങ്കിലും അവ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോനോയുടെ കൈകളില്‍ തട്ടി മടങ്ങുകയായിരുന്നു.
അപകടകരമായ നീക്കങ്ങള്‍ പലതു നടത്തിയെങ്കിലും ഉജ്ജ്വലമായ സേവുകളുമായി യാസിന്‍ ബുനൂ ഇന്നര്‍ ബോക്സില്‍ നിറഞ്ഞതോടെ പോര്‍ച്ചുഗലിന്റെ സ്‌ക്വാഡ് ഡെപ്ത് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ച്ചയായി ഗോള്‍ ശ്രമം നടത്തിയ പോര്‍ച്ചുഗല്‍ ഒമ്ബത് കോര്‍ണറുകളാണ് നേടിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പെപ്പെ നടത്തിയ ഹെഡ്ഡര്‍ ശ്രമം പോസ്റ്റിന് സമീപത്തുകൂടി പുറത്തേക്ക് പോയി.
2026ല്‍ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പില്‍ പങ്കെടുക്കുക എന്നത് 37 കാരനായ റൊണാള്‍ഡോയ്ക്ക് അസാധ്യമാണ്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തോടെ കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരമെന്ന നേട്ടം റോണോ സ്വന്തമാക്കി.
Post a Comment
0 Comments