കേരളം (www.evisionnews.in): ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. റിട്ട. ജഡ്ജിയെ ചാന്‍സിലറാക്കണമെന്ന നിര്‍ദേശം തള്ളിയതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. വിയോിപ്പ് രേഖപ്പെടുത്തിയാണ് പ്രതിപക്ഷം സഭവിട്ടത്.
ചാന്‍സിലര്‍ തെരഞ്ഞെടുപ്പിന് സമിതി വരും. ഇതില്‍ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവര്‍ ഉള്‍പ്പെടുമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. വൈസ് ചാന്‍സലറുടെ ഒഴിവുണ്ടാകുമ്പോള്‍ പ്രോ വൈസ് ചാന്‍സലര്‍ക്ക് ചുമതല നല്‍കുകയോ മറ്റേതെങ്കിലും സര്‍വകലാശാലകളുടെ വിസിക്ക് ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിര്‍ദ്ദേശത്തില്‍ സബ്ജക്ട് കമ്മിറ്റി ഭേദഗതി കൊണ്ടുവന്നിരുന്നു. വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ പ്രൊ ചാന്‍സലറുമായി ആലോചിച്ച് പകരം ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് ഭേദഗതി.
ചാന്‍സലര്‍ സര്‍ക്കാരിനു രേഖാമൂലമുള്ള അറിയിപ്പ് നല്‍കി രാജിവയ്ക്കാവുന്നതാണ് എന്ന നിര്‍ദ്ദേശത്തിലും ഭേദഗതി വരുത്തി. ചാന്‍സലര്‍ക്ക് സര്‍ക്കാരിനു രേഖാമൂലം രാജി സമര്‍പ്പിക്കാം എന്നാണ് ഭേദഗതി. സര്‍ക്കാരിന് അറിയിപ്പ് നല്‍കി രാജി സമര്‍പ്പിക്കണമെന്ന് വ്യവസ്ഥ ഒഴിവാക്കി എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതിയെന്ന് പ്രതിപക്ഷം ഭേദഗതി നിര്‍ദേശം കൊണ്ടുവന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണം. നിയമനത്തിന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുണ്ടാകണം. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഭരണപക്ഷം തയാറായില്ല.
ഇഷ്ടക്കാരെ സര്‍വകലാശാലകളില്‍ ചാന്‍സലറായി നിയമിക്കാന്‍ പാകപ്പെടുത്തി എടുത്ത നിയമമാണിതെന്നു വി.ഡി.സതീശന്‍ പറഞ്ഞു. ഈ നിയമം ഇതേരൂപത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. 14 യൂണിവേഴ്‌സിറ്റികളില്‍ വേറെ വേറെ ചാന്‍സലര്‍മാര്‍ വേണ്ട. ശമ്പളം കൊടുക്കാന്‍ പൈസയില്ലാത്ത സാഹചര്യത്തില്‍ അതു ധൂര്‍ത്താണെന്ന് വിഡി സതീശന്‍ പറഞ്ഞു. സഭ ബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിട്ടാലെ നിയമം ആകൂ. പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ല് പിടിച്ചുവെയ്ക്കാനാണ് സാധ്യത.
Post a Comment
0 Comments