ദോഹ: ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ആരാധകരെ സങ്കടക്കടലിലാക്കി നെയ്മറിന്റെ പ്രഖ്യാപനം. വിരമിക്കല്‍ സാധ്യതയാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ക്വാട്ടറില്‍ ബ്രസീലിനെ ക്രൊയേഷ്യ പുറത്താക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ദേശീയ ടീമിന്റെ വാതിലുകളൊന്നും താന്‍ അടയ്ക്കുന്നില്ല. പക്ഷേ, മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനല്‍കുന്നില്ല. ബ്രസീല്‍ ടീം മുന്നോട്ട് പോകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല, പക്ഷേ, ഇപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് വിലപിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് നെയ്മര്‍ പറഞ്ഞത്.
വിരമിക്കണമോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും. ലോകകപ്പിലെ തോല്‍വി ഒരു ദു:സ്വപ്നം പോലെ തോന്നുന്നു.അംഗീകരിക്കാന്‍ കഴിയുന്നില്ല. എന്താണ് നടന്നതെന്നും ആലോചിക്കാന്‍ കഴിയുന്നില്ല. ടീം നന്നായി കളിച്ചു. ഫുട്‌ബോളാണ്, അന്തിമ വിധി നിമിഷങ്ങള്‍ കൊണ്ട് മാറാം. ബ്രസീലിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് മുക്തരാവാന്‍ ബ്രസീല്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും സമയമെടുക്കുമെന്നും നെയ്മര്‍ വ്യക്തമാക്കി.
പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമായെങ്കിലും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് നെയ്മര്‍ കളിക്കളത്തിലേക്കിറങ്ങിയത്. ക്വാട്ടറിലെ താരത്തിന്റെ മിന്നും പ്രകടനത്തിലൂടെ പക്ഷേ ടീമിന് വിജയത്തിലെത്താന്‍ സാധിച്ചില്ല. പരാജയത്തിന് ശേഷം കണ്ണീര്‍ വാര്‍ത്ത് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങുന്ന നെയ്മറിന്റെ ചിത്രങ്ങളും വീഡിയോകളും ഫുട്ബോള്‍ പ്രേമികളെ ദു:ഖത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ സൂചന നല്‍കി താരം നേരിട്ട് രംഗത്തെത്തിയത്.
Post a Comment
0 Comments