Type Here to Get Search Results !

Bottom Ad

25 വര്‍ഷം മുമ്പ് എസ്എസ്എല്‍സി കഴിഞ്ഞ് പഠനം നിര്‍ത്തിയ സുമയ്യ മുസ്ത്വഫ ഇനി വക്കീലാകും


കാഞ്ഞങ്ങാട് (www.evisionnews.in): 25 വര്‍ഷം മുമ്പ് എസ്എസ്എല്‍സി കഴിഞ്ഞ് പഠനം നിര്‍ത്തിയ വീട്ടമ്മ സുമയ്യ മുസ്ത്വഫ ഇനി വക്കീലാകും. ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍എല്‍ബി എന്‍ട്രന്‍സ് എഴുതി വിജയിച്ച് വക്കീല്‍ ആകാന്‍ ആഗ്രഹിക്കുകയാണ് കാഞ്ഞങ്ങാട് മുറിയനാവിയിലെ സുമയ്യ. ആദ്യത്തെ അലോട്മെന്റില്‍ ഇടുക്കിയില്‍ കിട്ടിയതിനാല്‍ അവിടെ പോകാതെ രണ്ടാമത്തെ അലോട്‌മെന്റില്‍ കോഴിക്കോട് നോളജ് സിറ്റിയിലോ കോഴിക്കോട്ടെ തന്നെ മറ്റ് ഏതെങ്കിലും സെന്ററിലോ എല്‍എല്‍ബിക്ക് ചേരാനാണ് താല്‍പര്യമെന്ന് സുമയ്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എസ്എസ്എല്‍സിക്ക് ശേഷം നീണ്ട 25 വര്‍ഷം കഴിഞ്ഞ് പ്ലസ്ടു പരീക്ഷ തുല്യതാ പരീക്ഷ എഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച സുമയ്യ നാട്ടുകാര്‍ക്ക് വിസ്മയമായിരുന്നു. 1997ല്‍ കുണ്ടംകുഴി ഗവ. ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് ഉയര്‍ന്ന മാര്‍കോടെ വിജയിച്ച് വിവാഹം കഴിഞ്ഞ് ഇരുപത്തിയഞ്ച് വര്‍ഷത്തോളം വീട്ടമ്മയായി ജീവിച്ച സുമയ്യയ്ക്ക് പിന്നീടാണ് പഠിക്കാന്‍ വിണ്ടും മോഹം ഉദിച്ചത്. ഇതോടെ പ്ലസ്ടു തുല്യത പരീക്ഷയില്‍ ഈ വര്‍ഷം ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും ഹ്യുമാനിറ്റീസ് വിഷയം എടുത്ത് ഉന്നത വിജയം നേടിയത്.

കോവിഡ് മഹാമാരിയായതിനാല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഓണ്‍ലൈനായും പിന്നീട് പ്ലസ്ടു ക്ലാസുകള്‍ ഓഫ് ലൈനായുമാണ് പഠനം പൂര്‍ത്തിയാക്കിയത്. കഷ്ടപ്പെട്ട് പഠിച്ചപ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കൂടെ പോരുകയായിരുന്നു. സാക്ഷാരത പ്രേരകിന്റെയും തുല്യത അധ്യാപിക-അധ്യാപകന്‍മാരുടെയും അളവറ്റ പിന്തുണയാണ് ഈ നേട്ടത്തിന് തന്നെ സഹായിച്ചതെന്ന് സുമയ്യ പറയുന്നു.

സുമയ്യ തുല്യത പരീക്ഷ എഴുതുമ്പോള്‍ തന്നെയാണ് മകള്‍ ഹിബ പ്ലസ്ടു പരീക്ഷ എഴുതിയത്. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും പരീക്ഷ എഴുതിയ മകള്‍ അമ്മയെപോലെ തന്നെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് ചിത്രകാരി കൂടിയായ ഹിബ. വിദേശത്ത് ആര്‍കിടെക്റ്റായ തമീമും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സുലൈമാന്‍ മുസ്ത്വഫയുമാണ് സുമയ്യയുടെ മറ്റു മക്കള്‍. ഭര്‍ത്താവ് ബഹ്‌റൈന്‍ കെഎംസിസി മുന്‍ ജില്ലാ ജന. സെക്രടറിയും ഇപ്പോള്‍ കോഡിനേറ്ററുമായ സി എച് മുസ്ത്വഫയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad