Type Here to Get Search Results !

Bottom Ad

മാസങ്ങളോളം ഭക്ഷണവും മരുന്നും നല്‍കി അവര്‍ പരിചരിച്ചു, പിന്നാലെ നാട്ടിലുമെത്തിച്ചു; നാല് പതിറ്റാണ്ടിന് ശേഷം രാജന്‍ വീടണഞ്ഞു


കാസര്‍കോട് (www.evisionnews.in): ആരും പരിചരിക്കാനില്ലാതെ ദുരിതക്കയത്തില്‍ കഴിഞ്ഞ ആലപ്പുഴ സ്വദേശി രാജന് ഭക്ഷണവും മരുന്നും മറ്റ് പരിചരണവും നല്‍കുകയും പിന്നാലെ ബന്ധുക്കളെ കണ്ടെത്തി ഏല്‍പ്പിക്കുകയും ചെയ്ത് ചൗക്കി സന്ദേശം പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും വേറിട്ട മാതൃകയായി. ആലപ്പുഴ ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ നോര്‍ത്ത് പുളിയൂര്‍ സ്വദേശിയായ രാജന്‍ 40 വര്‍ഷം മുമ്പാണ് നാട് വിട്ടത്. തുടര്‍ന്ന് മംഗളൂരുവിലെത്തി ടൈല്‍സ് ജോലി ചെയ്തു വരികയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ചൗക്കിയിലെത്തിയത്. ഇവിടെ വാടക മുറിയില്‍ താമസിച്ച് കാസര്‍കോട് ഭാഗത്ത് ടൈല്‍സ് ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനായ രാജന്‍ നാടും ബന്ധുക്കളുമായി വലിയ ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ല. അതിനിടെ 3 മാസം മുമ്പാണ് രാജനെ വാടക മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. നെഞ്ച് വേദനയും ശരീരമാസകലമുള്ള വേദനയുമായി തളര്‍ന്ന് കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചൗക്കി സന്ദേശം സംഘടനാ പ്രവര്‍ത്തകര്‍ രാജനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആസ്പത്രി വിട്ടു. പിന്നീടുള്ള 3 മാസക്കാലം സന്ദേശം പ്രവര്‍ത്തകര്‍ ഭക്ഷണവും മരുന്നുകളും എത്തിച്ച് നല്‍കി രാജനെ പരിചരിച്ച് വരികയായിരുന്നു. വൃത്തിഹീനമായി കിടന്ന രാജന്റെ മുറിയും ഇടവിട്ടുള്ള ദിവസങ്ങളില്‍ ശുചീകരിച്ച് നല്‍കി. അതിനിടെ രാജന്റെ ദുരിതാവസ്ഥ സംബന്ധിച്ച് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി റിയാസ് ചൗക്കി തൊഴില്‍ നൈപുണ്യ വകുപ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍ സലാമിനെ അറിയിച്ചു. അദ്ദേഹം ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസറുമായി ബന്ധപ്പെട്ട് രാജന്റെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സന്ദേശം സംഘടനാ പ്രവര്‍ത്തകരായ എം. മുകുന്ദന്‍ മാസ്റ്റര്‍, എസ്.എച്ച് ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാജനെ തീവണ്ടി മാര്‍ഗം ആലപ്പുഴയില്‍ എത്തിച്ച് ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ട് മുമ്പ് നാട് വിട്ട രാജനെ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു ബന്ധുക്കള്‍. വളരെ നിര്‍ധന കുടുംബമാണ് രാജന്റേത്.

Post a Comment

0 Comments

Top Post Ad

Below Post Ad