അബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ശ്രദ്ധനഷ്ടമാവുന്ന ഡ്രൈവര്‍മാര്‍ വാഹനം റെഡ് സിഗ്‌നല്‍ മറികടക്കുകയും പാതമാറി വാഹനമോടിച്ചും അപകടങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം പിടികൂടുന്നതിന് അത്യാധുനിക റഡാറുകള്‍ എമിറേറ്റിലെ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ സ്മാര്‍ട്ട് പട്രോളിംഗും ഏര്‍പ്പെടുത്തി നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ട്.
ഫോണില്‍ സംസാരിച്ചും മെസേജ് അയച്ചും വിഡിയോ ചിത്രീകരിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞുമൊക്കെയാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടമാവുകയും അപകടങ്ങള്‍ക്ക് ഇടയൊരുക്കുകയും ചെയ്യുന്നതെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ദാഹി അല്‍ ഹുമിരി ചൂണ്ടിക്കാട്ടി. ഈവര്‍ഷം ആദ്യ ആറുമാസത്തില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഒരുലക്ഷത്തിലേറെ പേര്‍ പിടിയിലായെന്നാണ് കണക്ക്. ഇവരില്‍നിന്ന് 800 ദിര്‍ഹം വീതം പിഴയും ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയന്റും ചുമത്തിയെന്ന് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments