ഇടുക്കി: ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ച് ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ സംഘര്‍ഷം. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രി 1.30 ഓടെയായിരുന്നു സംഭവം. റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മര്‍ദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
ആക്രമണത്തിനിടയില്‍ സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് പരിക്കേറ്റതായും ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
Post a Comment
0 Comments