ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ച് തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി ശ്രീലങ്ക. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാക്കിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്‌സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാക്കിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്. ഏഷ്യാ കപ്പില്‍ ശ്രീലങ്കയുടെ ആറാം കിരീടമാണിത്. 2014ലായിരുന്നു ഇതിനു മുന്‍പത്തെ വിജയം. സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന നാടിനുള്ള ആശ്വാസ നേട്ടവുമായാണ് ലങ്കന്‍ ടീം ദുബായില്‍ നിന്നു മടങ്ങുന്നത്.
ഫൈനലില്‍ ടോസ് വിജയിച്ച പാക്കിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ 10 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും ലങ്കയുടെ കഥ കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്. 5 മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ അവര്‍ക്കു അതിനകം നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ വെറും 67 റണ്‍സും. എന്നാല്‍ പതറാതെ പോരാടിയ ഭാനുക രാജപക്‌സയുടെയും വാനിന്ദു ഹസരംഗയുടെയും (21 പന്തില്‍ 36) ഉജ്വല ബാറ്റിങ് ലങ്കന്‍ പ്രതീക്ഷകള്‍ക്കു ജീവന്‍ നല്‍കി. അവസാന 10 ഓവറില്‍ 103 റണ്‍സ് നേടിയാണ് ലങ്ക മത്സരത്തിലേക്ക് വീറോടെ തിരിച്ചെത്തിയത്. ആറാം വിക്കറ്റില്‍ ഹസരംഗയ്‌ക്കൊപ്പം 58 റണ്‍സും ഏഴാം വിക്കറ്റില്‍ ചാമിക കരുണരത്‌നയ്‌ക്കൊപ്പം (14) 54 റണ്‍സും നേടി രാജപക്‌സ ലങ്കയെ കരകയറ്റുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിങ്ങിയ പാക്കിസ്ഥാനെ ലങ്കന്‍ ബോളര്‍മാര്‍ തുടക്കം മുതല്‍ വരിഞ്ഞു മുറുക്കി. പ്രമോദ് മധുഷനെറിഞ്ഞ നാലാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ ബാബര്‍ അസമും (5) ഫഖര്‍ സമാനും (0) പുറത്തായി. ഇതടക്കം 4 വിക്കറ്റുകളാണ് മധുഷന്‍ വീഴ്ത്തിയത്. 3 വിക്കറ്റെടുത്ത വാനിന്ദു ഹസരംഗ ബോളിങ്ങിലും തിളങ്ങി. ആദ്യ 10 ഓവറില്‍ 68 റണ്‍സ് നേടിയ പാക്കിസ്ഥാന് അവസാന 10 ഓവറില്‍ 103 റണ്‍സായിരുന്നു വിജയലക്ഷ്യം. ലങ്ക നേടിയ അതേ സ്‌കോര്‍. കയ്യില്‍ 8 വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. പക്ഷേ രാജപക്‌സയെ പോലെ വെടിക്കെട്ട് നടത്തി സ്‌കോറുയര്‍ത്താന്‍ മധ്യനിരയില്‍ ആര്‍ക്കും കഴിഞ്ഞില്ല. 17ാം ഓവര്‍ വരെ പിടിച്ചുനിന്നെങ്കിലും ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ (49 പന്തില്‍ 55) റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.
Post a Comment
0 Comments