ശാർജ (www.evisionnews.in): അറബി ഭാഷയിൽ വിദേശ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയും ഉന്നതരെ അഭിമുഖം നടത്തിയും കാസർകോട് സ്വദേശി നാടിന് അഭിമാനമായി. പള്ളിക്കര തൊട്ടിയിലെ അബ്ദുർ റഊഫ് (21) ആണ് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നത്.
അൽജീരിയയിലെ പ്രശസ്ത യൂനിവേഴ്സിറ്റിയായ അൽവാദി സർവകലാശാല ഹയർ എജുകേഷൻ- ലിറ്ററേചർ പ്രൊഫസർ ഡോ. അഹ്‌മദ് മുഹമ്മദ് സഗവുമായി സാമൂഹ്യ മാധ്യമം വഴി റഊഫ് നടത്തിയ അറബി അഭിമുഖം അൾജീരിയയിൽ നിന്നുള്ള ദിനപത്രമായ അൽ തഹ് രിറിൽ വലിയ തലക്കെട്ടോടെയാണ് പ്രസിദ്ധീകരിച്ചു വന്നത്.
അൽ തഹ് രീർ പ്രസിദ്ധീകരിച്ച റഊഫ് അറബിയിൽ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് സുഡാനിലെ നർതഖി പബ്ലിസിംഗ് ഹൗസിൽ നിന്ന് 'മൗസിമുൽ ഖൈറാത്' (സുകൃതകാലം) എന്ന പേരിൽ പുസ്തകവും പുറത്തിറങ്ങുകയാണ്. ഒരു ഇൻഡ്യക്കാരൻ എഴുതിയ അറബി ഗ്രന്ഥം സുഡാനിൽ ആദ്യമായാണ് പ്രസിദ്ധീകൃതമാവുന്നതെന്നാണ് അൽജീരിയൻ വാർത്ത മാധ്യമങ്ങൾ റിപോർട് ചെയ്തത്.
അറബി എഴുത്തുഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ട് റഊഫിന്. അതിലൂടെ ലഭിച്ച പ്രചോദനമാണ് സുപ്രസിദ്ധ അറബിക് യൂനിവേഴ്സിറ്റിയുടെ തലപ്പത്തിരുന്ന ഉന്നതനെ ഇന്റർവ്യൂ ചെയ്യാൻ അവസരം ലഭിച്ചത്. ഇതിനുമുമ്പ് വിദേശപത്രങ്ങളിൽ കഥകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഉന്നത വിദേശ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചാൻസലറെ അഭിമുഖം നടത്തുകയും അത് അവിടുത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവരികയെന്നതും അപൂർവ നേട്ടമായി കരുതുന്നുവെന്ന് റഊഫ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇപ്പോൾ ബന്തിയോട് കൊക്കച്ചാൽ ഉമറലി ശിഹാബ് തങ്ങൾ അകാഡമിയിലെ ആറാം വർഷ വാഫി ബിരുദ വിദ്യാർഥിയാണ് റഊഫ്. പള്ളിക്കര തൊട്ടിയിലെ പി കെ ഹംസ അബ്ദുല്ല - മറിയം ബീവി ദമ്പതികളുടെ മകനാണ്.
Post a Comment
0 Comments