കാസര്‍കോട് (www.evisionnews.in): ദേശീയ പാതയില്‍ ചെര്‍ക്കളയിലെ റസ്റ്റോറന്റില്‍ നിന്ന് കോഴി ബിരിയാണി കഴിച്ച വിദ്യാര്‍ഥികളെ ശാരീരിക അസ്വസ്ഥത. ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന എവറസ്റ്റ് ഫാമിലി റസ്റ്റോറന്റില്‍ ബിരിയാണി കഴിച്ച ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബി.എ അനസ്, മുഹമ്മദ് ഫുആദ് ഇബ്രാഹിം, കെ.എച്ച് ഗാഹിദ് അബ്ദുള്ള, സാലിത്ത് അഹമ്മദ്, സമീര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പത്താം തരത്തില്‍ പഠിക്കുന്ന 20 കുട്ടികളാണ് കോഴിബിരിയാണി കഴിച്ചത്. ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച് സ്‌കൂളിലെത്തിയ അഞ്ചു കുട്ടികള്‍ക്ക് അല്‍പ്പസമയത്തിനുശേഷം കലശലായ വയറുവേദനയും ഛര്‍ദിയുമുണ്ടായി. ഇതു സംബന്ധിച്ച് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.എം. അബ്ദുള്‍ ഖാദര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ കോഴി ഇറച്ചി കണ്ടെത്തി. പിടിച്ചെടുത്ത പഴകിയ ഇറച്ചിയും ബിരിയാണിയും പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന് കീഴിലുള്ള കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
Post a Comment
0 Comments