ന്യൂഡല്‍ഹി: സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനിക്കാനാണ് മോഷണം നടത്തിയതെന്ന് യുവാവിന്റെ മൊഴി. വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത രോഹിണി സ്വദേശി തരുൺ (21) ആണ് മോഷണത്തിന് പിന്നിലെ കാരണം പൊലീസിനോട് പറഞ്ഞത്. അതേസമയം, ഇയാളുടെ അറസ്റ്റോടെ ആറ് മോഷണക്കേസുകൾ തെളിഞ്ഞതായും 10 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ജൂലൈ ഏഴിനാണ് സുൽത്താൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലെ സുരേന്ദ്ര എന്നയാളെ കൊള്ളയടിക്കാൻ ശ്രമം നടന്നത്. കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. എന്നാൽ ഇതിനിടയിൽ മോഷ്ടാവിന്‍റെ മൊബൈൽ ഫോൺ നിലംപതിച്ചു. ഫോണിനൊപ്പം സുരേന്ദ്ര പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തരുണിലേക്ക് എത്തിയത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Post a Comment
0 Comments