തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന് പിന്നിൽ ഇടനിലക്കാരുടെ ഒരു വലിയ സംഘം. പാവപ്പെട്ട പട്ടികജാതിക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നത് മുതൽ ബാങ്കുകളിൽ നിന്ന് സ്വന്തം പേരുകളിൽ ചെക്കുകൾ കൈമാറുന്നത് വരെ ഇവരാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇത് തുടരുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ബാങ്കുകളിൽ നിന്ന് സബ്സിഡി തുക നൽകിയ സ്ഥാപനങ്ങൾ പരിശോധിച്ചാൽ തട്ടിപ്പ് വ്യക്തമാകും. പേരിനുമാത്രമുണ്ടാക്കിയ ചില സ്ഥാപനങ്ങളിലേക്കാണ് സബ്സിഡി തുക മുഴുവന്‍ മാറിയെടുത്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പട്ടികജാതിക്കാരുടെ വിലാസവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആനുകൂല്യം വാങ്ങാനെന്ന പേരിൽ അപേക്ഷ എടുത്ത് സബ്സിഡി തിരിമറി നടത്തി തുച്ഛമായ തുക നൽകി തീർപ്പാക്കുന്നതും ഇതിൽ പതിവാണ്. 1.26 കോടി രൂപയുടെ സബ്സിഡി തട്ടിപ്പിൽ കണ്ടെത്തിയ തുകയിൽ ഭൂരിഭാഗവും തിരുവല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടനില സംഘത്തിലേക്കാണ് പോയിരിക്കുന്നത്. മിക്ക ഗ്രൂപ്പുകൾക്കും ലഭിച്ച തുക ഒരേ സ്ഥാപനത്തിന്‍റെ ബില്ലുകൾ ഉപയോഗിച്ച് കൈമാറ്റം ചെയ്തിട്ടുണ്ട്. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിച്ചപ്പോൾ 4500 രൂപയോളം കൈക്കൂലി വാങ്ങിയെന്ന് മേയര്‍ക്കു പരാതി ലഭിച്ചതും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പൂന്തുറ സ്വദേശിനിക്കെതിരേയാണ്.
Post a Comment
0 Comments