ബോളിവുഡ് നടൻ രൺവീർ സിങ്ങിന്‍റെ നഗ്ന ഫോട്ടോഷൂട്ട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടനെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴിതാ രൺവീറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ഈ ഫോട്ടോഷൂട്ടിലൂടെ ലിംഗസമത്വത്തിനായുള്ള ഒരു വലിയ സന്ദേശമാണ് രൺവീർ പങ്കുവയ്ക്കുന്നതെന്നും താരത്തിന്‍റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും ആർജിവി പറഞ്ഞു. "രൺവീർ സിംഗിനെ ഞാൻ വ്യക്തിപരമായി അഭിനന്ദിക്കുന്നു. രൺവീർ സിങ്ങിന്‍റെ ധീരതയെ ബഹുഭൂരിപക്ഷം ആളുകളും അഭിനന്ദിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, എല്ലാറ്റിലും ലിംഗസമത്വം ഉണ്ടായിരിക്കണം. ഈ ഫോട്ടോഷൂട്ടിൽ, രൺവീർ ലിംഗസമത്വത്തിനായുള്ള ഒരു വലിയ സന്ദേശം പങ്കിടുന്നു. സ്ത്രീകളെപ്പോലെ തന്നെ തന്‍റെ ശരീരം കാണിക്കാൻ ഒരു പുരുഷന് അവകാശമുണ്ട്. പുരുഷൻമാരുടെ അവകാശങ്ങൾക്കായി പോരാടുന്നവരുടെ ബ്രാൻഡ് അംബാസിഡറാണ് രൺവീർ" അദ്ദേഹം പറഞ്ഞു. നടിന്റെ നഗ്ന ഫോട്ടോഷൂട്ട് ഒരു പേപ്പർ മാഗസിനു വേണ്ടിയായിരുന്നു. താരത്തെ അഭിനന്ദിച്ച് സിനിമാ രംഗത്തെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വിമർശനവും ശക്തമായത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്യാം മൻഗരം ഫൗണ്ടേഷനാണ് താരത്തിനെതിരെ പരാതി നൽകിയത്. തുടർന്ന് ചെമ്പൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചിത്രങ്ങൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രങ്ങൾ സ്ത്രീക്കും പുരുഷനും ഒരുപോലെ അപമാനകരമാണെന്നും പരാതിയിൽ പറയുന്നു. വികാരം വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ അന്തസ്സിനെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments