Type Here to Get Search Results !

Bottom Ad

കുമ്പള ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് നിര്‍ണായകം: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ നഷ്ടപ്പെട്ടേക്കും




കാസര്‍കോട് (www.evisionnews.in): കുമ്പള ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് പെര്‍വാഡ് ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് നിര്‍ണായകമാവും. ഈമാസം 21നാണ് പെര്‍വാഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചാല്‍ ബി.ജെ.പി സഹായത്തോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികളിലേക്ക് അവിശ്വാസം കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.

1826 ആണ് വാര്‍ഡിലെ ആകെ വോട്ടര്‍മാര്‍. യു.ഡി.എഫിന് നേരിയ മുന്‍ തൂക്കമുള്ള വാര്‍ഡില്‍ ബി.ജെ.പിയുടെ നൂറോളം വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭ്യമാവുകയും എസ്.ഡി.പി.ഐ നൂറോളം വോട്ടുകള്‍ നേടുകയും ചെയ്താല്‍ അനായാസം ജയിച്ചു കയറാമെന്ന് എല്‍.ഡി.എഫ് കണക്കു കൂട്ടുന്നു. എല്‍.ഡി.എഫിന്റെ ജില്ല, ഏരിയ നേതാക്കള്‍ ദിവസങ്ങളായി വാര്‍ഡില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് എന്തുവിലകൊടുത്തും പെര്‍വാഡ് വാര്‍ഡ് പിടിക്കുക തന്നെ വേണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉള്‍പ്പടെ ജില്ലാ മണ്ഡലം യു.ഡി.എഫ് നേതാക്കള്‍ വിവിധ കുടുംബ യോഗങ്ങളില്‍ സംബന്ധിക്കുകയും ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ വാര്‍ഡില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. യു.ഡി.എഫും എല്‍.ഡി.എഫും ദിവസങ്ങളോളമായി വീട് വീടാന്തരം വോട്ട് ചോദിക്കുമ്പോള്‍ ബി.ജെ.പി നിര്‍ജ്ജീവാവസ്ഥയിലാണ്. എസ്.ഡി.പി.ഐയും ശക്തമായ പ്രചാരണ രംഗത്തുണ്ട്. എസ്.ഡി.പി.ഐ നേടുന്ന വോട്ടുകള്‍ യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കും.

ഏറെ വിവാദമായ പഞ്ചായത്തായ കുമ്പള ബി.ജെ.പി- സി.പി.എം സഖ്യം ചേര്‍ന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികള്‍ സി.പി.എം ഒന്ന്, ബി.ജെ.പി രണ്ടു എന്നിങ്ങനെ വീതിച്ചെടുത്തിരുന്നു. ഇതിനിടയിലാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കൊഗ്ഗുവിനെ കൊലക്കേസില്‍ ശിക്ഷിക്കുന്നതും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൊഗ്ഗുവിനെ അയോഗ്യനാക്കിയതും. സഖ്യത്തിനെതിരെ ബി.ജെ.പിയിലും സി.പി.എമ്മിലും കലാപമുണ്ടാവുകയും ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. സംഭവങ്ങള്‍ ഇങ്ങിനെയെങ്കിലും എല്‍.ഡി.എഫ് വിജയിച്ചാല്‍ സഖ്യത്തിന് ജനവികാരം എതിരല്ലെന്ന കണക്കു കൂട്ടലിലാണ് സി.പി.എമ്മും ബി.ജെ.പിയും.

Post a Comment

0 Comments

Top Post Ad

Below Post Ad