(www.evisionnews.in) രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ദ്രൗപതി മുര്‍മു രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തില്‍ ഇരുവരും പാര്‍ലമെന്റിലേക്ക് പുറപ്പെടുകയായിരുന്നു. പാര്‍ലമെന്റില്‍ എത്തിയ മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. 11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്. അതിനാല്‍ വിപുലമായ പരിപാടികളാണ് ബിജെപി നടത്താനുദ്ദേശിക്കുന്നത്. ആദിവാസി മേഖലകളില്‍ രണ്ടു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
Post a Comment
0 Comments