കാസര്‍കോട് (www.evisionnews.in): റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിചാരണയും അന്തിമവാദവും പൂര്‍ത്തിയാക്കി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവില്‍ തന്നെ വിചാരണ നടന്ന പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ നടപടികളും വേഗത്തിലാക്കുന്നു. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും ജാനകി വധക്കേസിലെന്നതുപോലെ അന്തിമവാദത്തിനുള്ള തീയതി തീരുമാനിക്കാതെ പല തവണ മാറ്റിവെക്കേണ്ടിവന്നു.
ജാനകിവധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായതോടെയാണ് വിധിപ്രഖ്യാപനത്തിനുള്ള നടപടികള്‍ വേഗത്തിലായത്. ഈ സാഹചര്യത്തില്‍ റിയാസ് മൗലവി വധക്കേസിലെ നടപടികള്‍ക്ക് കാലതാമസമുണ്ടാകില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ 20ന് ഈ കേസ് അന്തിമവാദത്തിനുള്ള തീയതി തീരുമാനിക്കുന്നതിനായി ജില്ലാ കോടതി പരിഗണിക്കും. ജാനകി വധക്കേസില്‍ സംഭവിച്ചതുപോലെ റിയാസ് മൗലവിക്കേസിലും കോടതി നടപടികള്‍ നീണ്ടുപോകാന്‍ ഇടവരുത്തിയത് ജഡ്ജിമാരുടെ സ്ഥലംമാറ്റവും കോവിഡ് സാഹചര്യവുമാണ്. രണ്ടുവര്‍ഷം മുമ്പുതന്നെ കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.
കോവിഡ് കാരണം രണ്ടുഘട്ടങ്ങളിലായി കോടതി അടച്ചിടേണ്ടിവന്നതും ജഡ്ജിമാര്‍ മാറി മാറി വന്നതും കേസിന്റെ തുടര്‍ നടപടികളെ പ്രതികൂലമായി ബാധിച്ചു. ഏറ്റവും ഒടുവില്‍ ജാനകിവധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ച് വിധി പ്രഖ്യാപിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി കൃഷ്ണകുമാര്‍ തന്നെയാണ് റിയാസ് മൗലവി കേസും പരിഗണിക്കുന്നത്.
Post a Comment
0 Comments