തൃക്കരിപ്പൂര്‍ (www.evisionnews.in): കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനപിന്തുണയ്ക്കും തെറാപ്പികള്‍ക്കുമായി സമഗ്ര ശിക്ഷാ കേരളമൊരുക്കിയ സ്‌പെഷ്യല്‍ കെയര്‍ സെന്ററിന് തൃക്കരിപ്പൂരില്‍ സ്ഥിരം കെട്ടിടമൊരുക്കുന്നു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്താണ് ടൗണിന്റെ ഹൃദയഭാഗത്തുള്ള കൂലേരി ജി.എല്‍.പി സ്‌കൂളില്‍ കെട്ടിടം നിര്‍മിക്കുന്നത്. ഇത്തരമൊരു സംരംഭം സംസ്ഥാനത്ത് ഇദംപ്രഥമമാണ്. 28 ലക്ഷം രൂപ എസ്റ്റിമേറ്റുള്ള കെട്ടിടത്തിന് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ് എട്ടു ലക്ഷം രൂപ വകയിരുത്തുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍ സ്ഥിരം സംവിധാനമാക്കാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ചെറുവത്തൂര്‍ ബിആര്‍സിയുടെ സഹകരണത്തോടെ പഠനപിന്തുണയും വിവിധ തെറാപ്പി സൗകര്യങ്ങളും ലഭ്യമാക്കും. പ്രയാസമനുഭവിക്കുന്ന മക്കള്‍ക്കൊപ്പം സെന്ററിലേക്ക് എത്തുന്ന രക്ഷിതാക്കള്‍ക്ക് ഇവിടെ തൊഴില്‍ പരിശീലനവും വിശ്രമസൗകര്യങ്ങളും ഗ്രാമ പഞ്ചായത്ത് ഒരുക്കും. ഡിപിസിയുടെ അംഗീകാരം ലഭിച്ച് ഒട്ടും വൈകാതെ തന്നെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും യാഥാര്‍ഥ്യമാക്കുമെന്നും ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് പറഞ്ഞു.
Post a Comment
0 Comments