Type Here to Get Search Results !

Bottom Ad

ആ വീട്ടില്‍ നടക്കേണ്ട ആദ്യത്തെ സന്തോഷമല്ലേ നിങ്ങള്‍ തല്ലിക്കെടുത്തിയത്.?: ചുടലയിലെ മിശ്രവിവാഹത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദയനീയതയും ദുഖഭാരവും ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് ഒരു തുറന്ന കത്ത്


കണ്ണൂര്‍ (www.evisionnews.in): സാമൂഹിക മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ കണ്ണൂര്‍ തളിപ്പറമ്പ ചുടലയില്‍ നടന്ന മിശ്രവിവാഹത്തില്‍ ജില്ലാ സെക്രട്ടറിക്കും ഒത്താശ ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈറിന്റെ തുറന്ന കത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദയനീയതയും ദുഖഭാരവും ചൂണ്ടിക്കാട്ടിയാണ് കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.


കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ....

സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം കൃഷ്ണനും അറിയുന്നതിന് വേണ്ടി എഴുതുന്ന തുറന്നകത്ത്.

സര്‍,
സുഖം തന്നെയല്ലെ, ക്ഷേമം നേരുന്നു.

ഭിന്നമതങ്ങളില്‍പ്പെട്ട തളിപ്പറമ്പ ചുടലയിലുള്ള സഹലയും ഡി.വൈ.എഫ്.ഐ. പ്രദേശിക നേതാവ് പ്രഭാതും തമ്മിലുള്ള വിവാഹം തളിപ്പറമ്പ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് സി.പി.എം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്നുവല്ലോ. സഹലയുടെ പൂര്‍ണ സമ്മതത്തോടെ നേരത്തെ വീട്ടുകാര്‍ നിശ്ചയിച്ച നിക്കാഹ് കര്‍മം ജനുവരി ആറിന് നടക്കാനിരിക്കെയാണ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് പോയി പ്രഭാതുമായുള്ള വിവാഹം നിങ്ങളെല്ലാവരും ചേര്‍ന്ന് നടത്തിയത്. ശേഷം ഇരുവരെയും സി.പി.എം.തളിപ്പറമ്പ് ഏരിയ ഓഫീസിലേക്ക് ആനയിക്കുകയും മധുരം പങ്കിടുകയും വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

മിശ്രവിവാഹത്തിന്റെ നൈതികത ചര്‍ച്ച ചെയ്യാനല്ല ഈ കത്ത്. 40ല്‍ എത്തി നില്‍ക്കുന്ന പ്രഭാതിനും 19 വയസ്സുള്ള സഹലയ്ക്കും നിയമം അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നുമില്ല. നിങ്ങളുടെ സാന്നിധ്യവും സി.പി.എമ്മിന്റെ തനിനിറം അറിയുന്നവര്‍ക്ക് അത്ഭുതമല്ല. പക്ഷേ സങ്കടത്തോടെ ചില കാര്യങ്ങള്‍ ഉണര്‍ത്തുവാനാണ് ഈ എഴുത്ത്.

കൃഷ്‌ണേട്ടന് സഹലയുടെ കുടുംബത്തെ നന്നായി അറിയാമല്ലോ. കൊടിയ ദാരിദ്ര്യവും ഒപ്പം അപൂര്‍വ്വ രോഗവും ഒന്നിച്ച് തളര്‍ത്തിയ കുടുംബമാണത്. വീട്ടിലെ വരാന്തയില്‍ കൈകാലുകള്‍ക്ക് സ്വാധീനമില്ലാതെ വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്ന സഹലയുടെ പിതാവിന്റെ ദൈന്യതയാര്‍ന്ന മുഖം നിങ്ങളുടെ മനസ്സില്‍ തെളിയുന്നില്ലെ. ഇടത്തെ മുറിയില്‍ അതേ രോഗത്താല്‍ തളര്‍ന്നിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനെ നിങ്ങള്‍ക്ക് അറിയാത്തതാണോ. വലത് ഭാഗത്തെ മുറിയില്‍ സഹലയുടെ ഉപ്പയുടെ മൂത്ത പെങ്ങള്‍ ഇതേ രോഗത്താല്‍ വര്‍ഷങ്ങളായി കിടപ്പിലാണെന്നതും നമുക്കെല്ലാം അറിയാം. തൊട്ടടുത്ത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരിയും വീല്‍ ചെയറില്‍ തന്നെയല്ലെ.. പത്തിരുപത് വര്‍ഷമായി അപൂര്‍വ രോഗം ബാധിച്ച് ശയ്യാവലംബിയായി ഒരു കുടുംബത്തിലെ നാല് പേര്‍ ഒരേ വീട്ടില്‍... ഹൊ, ഇതെന്തൊരു പരീക്ഷണമാണ് എന്ന് ആശ്ചര്യപ്പെടാത്തവരുണ്ടോ സാര്‍. പിന്നെയുള്ളത് പ്രായമുളള വല്യുമ്മയല്ലെ. മറ്റൊരു കഠിന രോഗത്താല്‍ പ്രയാസപ്പെടുന്ന സഹലയുടെ ഉമ്മയും ആ കുടുംബത്തിലെ മറ്റൊരു വേദനയല്ലെ സാര്‍. സത്യത്തില്‍ പൂര്‍ണ്ണ ആരോഗ്യള്ള ഏക അംഗം സഹല മാത്രമാണെന്നത് നിങ്ങള്‍ക്ക് അറിയാത്തതാണോ.

ജീവിതത്തിലൊരിക്കല്‍ പോലും സന്തോഷമെന്തെന്നറിയാത്ത കുടുംബത്തിന് ബഹുമാനപ്പെട്ട എം.എ. യൂസഫലി നാല് കൊല്ലം മുമ്പ് പണിതു കൊടുത്ത വീട്ടില്‍ നടക്കേണ്ട ആദ്യത്തെ സന്തോഷമാണ് നിങ്ങള്‍ പറിച്ചു കൊണ്ടുപോയത്. പഴയ പാര്‍ട്ടി ഗ്രാമമെന്ന അഹന്തയില്‍ തിരഞ്ഞെടുപ്പ് വേളകളില്‍ ഹരിത രാഷ്ട്രീയം മനസ്സില്‍ ലാളിക്കുന്ന ആ സാധുക്കളുടെ ഓപ്പണ്‍ വോട്ട് പാട്ടിലാക്കാന്‍ ദിവസങ്ങള്‍ കയറിയിറങ്ങാറുള്ള നിങ്ങള്‍ക്ക് ഈ കടും കൈ ചെയ്യുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കാമായിരുന്നില്ലെ. സഹലയുടെ പൂര്‍ണ്ണ സമ്മതത്തോടെ നിശ്ചയിച്ച നിക്കാഹാണ് നടക്കാനിരുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം. പ്രഭാതിനെ കുറിച്ച് അവള്‍ പറഞ്ഞതേയില്ല. സഹായിക്കാനാണെന്ന വ്യാജേന വീട്ടില്‍ വരാറുള്ള പ്രഭാതിന്റെ ഇടക്കണ്ണ് ആ കുടുംബം ശ്രദ്ധിച്ചതുമില്ല....

ബാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ആ ഏക മകളുടെ കല്യാണം. അത് കൊണ്ട് ആരെങ്കിലും സഹായിക്കുന്നതെല്ലാം പെറുക്കി കൂട്ടി വെച്ച് ആ സാധു മനുഷ്യന്‍ രണ്ട് വര്‍ഷം മുമ്പേ ഒരുങ്ങി. ബെഡ് റൂമും ഒരുക്കിയിരുന്നു. എല്ലാവര്‍ക്കും ഡ്രസ് വാങ്ങാന്‍ ഉച്ചയ്ക്ക് ശേഷം പോകാമെന്ന് പറഞ്ഞ സഹലയെയാണ് നിങ്ങള്‍ വിളിച്ചു കൊണ്ട് പോയത്. എന്തൊരു ക്രൂരതയാണ് സാര്‍ ഇത്. അവസാന പ്രതീക്ഷയും മാഞ്ഞു പോയത് കണ്ട് ആ പാവങ്ങളുടെ ഹൃദയം തകര്‍ന്നു പോകില്ലെ . ഈ അരുതായ്മക്ക് കൂട്ടുനില്‍ക്കാതെ വിട്ട് നിന്ന പ്രഭാതിന്റെ കുടുംബത്തിന്റെ ഔചിത്യബോധം പോലും പൊതു മണ്ഡലത്തില്‍ തഴച്ചുവളര്‍ന്ന നിങ്ങള്‍ക്കില്ലാതെ പോയല്ലോ സഖാവേ, കഷ്ടം!

ഞാനൊന്ന് ചോദിക്കട്ടെ, അവള്‍ സ്വയം ഇറങ്ങി വന്നതാണെങ്കില്‍ എന്തിനാ ഒളിച്ചു കഴിയുന്നത്. പരസ്യമായി വിവാഹം കഴിച്ചവര്‍ എന്തിന് ആ സാധുക്കളായ ബാപ്പക്കും ഉമ്മക്കും ബന്ധപ്പെടാന്‍ പറ്റാത്ത വിധം ഫോണ്‍ ഓഫ് ചെയ്തും മറ്റും എല്ലാ കമ്മ്യൂണിക്കേഷനും മുറിച്ചു കളയണം. മകള്‍ സുരക്ഷിതമാണെന്ന് അറിയാനുള്ള അവകാശം അവര്‍ക്കില്ലെ. എന്താ സഖാക്കളെ ഇതൊക്കെ........

കൃഷ്‌ണേട്ടാ നമ്മളൊക്കെ പൊതുപ്രവര്‍ത്തകരാണ്. അത് കൊണ്ട് പറയുകയാണ്. എത്രയും പെട്ടെന്ന് ആ മോളെ അവളുടെ വീട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നിങ്ങള്‍ മുന്‍കൈ എടുക്കണം. അവളില്ലാതെ ആ കുടുംബത്തിന് ഒരു നിമിഷം ജീവിക്കാന്‍ കഴിയില്ല. വയ്യാത്ത ഉപ്പയ്ക്ക് കൃത്യസമയത്ത് മരുന്നു കൊടുക്കാന്‍ അവള്‍ വേണം, രോഗം കൊണ്ട് വലയുന്ന ഉമ്മക്ക് ഒരു കൈത്താങ്ങാണവള്‍ , ഉപ്പാന്റെ സഹോദരന്റെ പ്രതീക്ഷയാണ് ആ കുട്ടി, ഉപ്പാന്റെ സഹോദരിമാരുടെ ആശ്വാസമാണ് അവള്‍. പ്രായമായ വല്യുമ്മയുടെ കണ്‍കുളിര്‍മ്മയാണ് ആ മോള്.

പൗര സ്വാതന്ത്ര്യം പറഞ്ഞ് ഏത് തെമ്മാടിത്തരത്തിനും കൂട്ട് നില്‍ക്കാനുള്ളതല്ല നേതാക്കളും പാര്‍ട്ടി ഓഫീസും.

നിങ്ങള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ അനര്‍ഹ മോഹങ്ങളെ പുഷ്പിക്കാന്‍ കൂട്ടുനിന്നതിലൂടെ ചവിട്ടിയരച്ചത് പച്ചപിടിച്ചു തുടങ്ങിയ ആറ് നിരാലംബരുടെ മോഹങ്ങളെയാണ്, അവരുടെ സ്വപ്നങ്ങളെയാണ്.

അപേക്ഷിക്കുകയാണ്... രജിസ്റ്റര്‍ ചെയ്ത കല്യാണവും നിയപരവും മതപരവുമായ അതിന്റെ ശരിയും തെറ്റുമെല്ലാം മാറ്റി വെച്ച് തല്ക്കാലം അവളെ വീട്ടിലേക്ക് അയക്കുക. ഇനിയും സമയം ഉണ്ടല്ലോ.... തള്ളാനും കൊള്ളാനും. ഞാന്‍ ഇന്ന് ആ കുടുംബത്തെ കണ്ടിരുന്നു. എന്തൊരു സങ്കടമാണെന്നോ അവര്‍ക്ക്. കണ്ണീര് മാത്രം കണ്ടില്ല; ഒരായുസ് മുഴുവന്‍ കരഞ്ഞ് തീര്‍ന്ന് ഉറവവറ്റിയ കണ്ണുകളില്‍ എവിടെ കണ്ണീര്‍. പക്ഷെ, ആ ഉപ്പയുടെയും ഉമ്മയുടെയും നെഞ്ച് പൊട്ടുന്ന ശബ്ദം കേള്‍ക്കാം. ശാപമേല്‍ക്കാതിരിക്കാനെങ്കിലും നിങ്ങള്‍ ഇടപെട്ട് അവളുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് ഒന്നു വിളിപ്പിക്കുകയെങ്കിലും ചെയ്യ്. ആ മനുഷ്യര്‍ അവരുടെ കരളിന്റെ കഷ്ണം കേള്‍ക്കെ പൊട്ടിക്കരയുകയെങ്കിലും ചെയ്യട്ടെ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad