ദേശീയം (www.evisionnews.in): തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ആറു മാസത്തേയ്ക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ദേവേഷ് കുമാര്‍ ചതുര്‍വേദി ഞായറാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പ്പറേഷനുകളിലും ലോക്കല്‍ അതോറിറ്റികളിലും പ്രതിഷേധങ്ങള്‍ നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കോവിഡ് കാരണം മെയ് ആദ്യം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവശ്യ സേവന പരിപാലന നിയമം അഥവാ ഇഎസ്എംഎ പ്രകാരം ആറ് മാസത്തേക്ക് പണിമുടക്കുകള്‍ നിരോധിച്ചിരുന്നു.
സാധാരണ ജീവിതം നിലനിര്‍ത്തുന്നതിന് പ്രധാനമായ അവശ്യ സേവനങ്ങളില്‍ പണിമുടക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഇഎസ്എംഎ നിയമം. വ്യവസ്ഥകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും ഇത് സംസ്ഥാന പൊലീസിന് അധികാരം നല്‍കുന്നുണ്ട്. നിയമലംഘനം നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.
Post a Comment
0 Comments