കാസര്‍കോട് (www.evisionnews.in): പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞില്ലെന്നും സി.പി.എമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍. ഏതു അന്വേഷണവും സ്വീകാര്യമാണെന്നും അന്വേഷണങ്ങളില്‍ ഭയമില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകകേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നെന്നും കോണ്‍ഗ്രസ് പറഞ്ഞവരെയാണ് പ്രതിചേര്‍ത്തത്. മടിയില്‍ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ. ആരെ വേണമെങ്കിലും പ്രതിയാക്കിക്കോളൂ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ടെന്നും എം.വി ബാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. ജനങ്ങള്‍ സി.പി.ഐ.എമ്മിനൊപ്പമാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഒരു കാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സി.പി.ഐ.എം നേടിയത്. പെരിയ സംഭവം നടന്ന കല്യോട്ട് അടക്കമുള്ള വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഐഎമ്മിനൊപ്പമാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്ക് പുറമേ 10 പേരെ കൂടി പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments