കാസര്‍കോട് (www.evisionnews.in): മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കബളിപ്പിക്കല്‍ തുടരുകയാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരുള്‍പ്പെടെ പാരിവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംമ്പര്‍ ഒന്നിന് ഒ.പി ആരംഭിക്കുമെന്നാണ്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഒ.പി. ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ആവശ്യമായ നടപടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് എം.എല്‍.എക്ക് ലഭിച്ച കത്തില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിയന്ത്രണത്തിലല്ല കാര്യങ്ങള്‍ എന്നാണ് വ്യക്തമാകുന്നത്. തോന്നിയ പോലെ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥന്മാര്‍ കാസര്‍കോട്ടുകാരെ കബളിപ്പിക്കുകയാണ്. ഇതിന് തടയിടാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നഴ്‌സ്മാരും ഡോക്ടര്‍മാരുമടക്കം ജീവനക്കാരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റികൊണ്ടിരിക്കുകയാണ്.
ജനതയോടുള്ള ക്രൂരതയും വഞ്ചനയുമാണിത്. കാസര്‍കോട്ടുകാരുടെ പ്രതികരണ ശേഷിയോടുള്ള വെല്ലുവിളിയെ നേരിട്ടെ തീരൂ. സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരിച്ച് കൊണ്ട് വന്ന് ഉടന്‍ ഒ.പി. വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കാസര്‍കോട്ടുകാരെ കുരങ്ങുകളിപ്പിക്കുന്നവര്‍ക്ക് കനത്തവില നല്‍കേണ്ടി വരുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.
Post a Comment
0 Comments