കാസര്‍കോട് (www.evisionnews.in): കെഎം അഹ്‌മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ചന്ദ്രിക ദിനപത്രത്തിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജലില്‍ കെപി അര്‍ഹനായി. മികച്ച എഡിറ്റോറിയലുകളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച
'ആകുലപ്പെടുത്തേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട്' എന്ന എഡിറ്റോറിയലിനാണ് ജലീല്‍ കെ പിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ചെയര്‍മാനും എസ് രാധാകൃഷ്ണന്‍(റിട്ട. ഡെപ്യൂട്ടി എഡിറ്റര്‍, കേരള കൗമുദി), ടി ശശിമോഹന്‍(റിട്ട. ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍, മാതൃഭൂമി) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ഈ മാസം16ന് പകല്‍ 11 മണിക്ക് കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ വച്ച് നടക്കുന്ന കെഎം അഹ്‌മദ് അനുസ്മരണ സമ്മേളനത്തില്‍ വച്ച് സംസ്ഥാന തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമ്മാനിക്കും. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ എസ് സുഭാഷ് മുഖ്യാതിഥിയായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിക്കും. ജില്ലാ ജോ. സെക്രട്ടറി പ്രദീപ് ജിഎന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. സെക്രട്ടറി പത്മേഷ് കെവി സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ കെ കെ നന്ദിയും പറയും.
പാലക്കാട് കിണാശേരി പരപ്പന സ്വദേശിയാണ് അവാര്‍ഡിന് അര്‍ഹനായ കെപി ജലീല്‍. ചന്ദ്രിക തിരുവനന്തപുരം റസി. എഡിറ്ററുടെ ചുമതല വഹിച്ചുവരികയാണ്. 1992ല്‍ ചന്ദ്രികയില്‍ സബ്എഡിറ്ററായി ചേര്‍ന്ന ജലീല്‍ കൊച്ചി, കോഴിക്കോട്, മലപ്പുറം, പാലക്കാട് യൂണിറ്റുകളിലും തൃശൂര്‍ ജില്ലാബ്യൂറോയിലും റിപ്പോര്‍ട്ടിംഗിലും ഡെസ്‌കിലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.കെ. ഖാദറിന്റെയും പാത്തുമുത്തിന്റെയും മകനാണ്. പാലക്കാട് കേരളബാങ്ക് ഹെഡ്ഓഫീസിലെ അക്കൗണ്ടന്റ് സലീനയാണ് ഭാര്യ. എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ജസ്നമോളും ബി.എ.എം.എസ് വിദ്യാര്‍ത്ഥി സജ്നമോളും ഇരട്ടമക്കളാണ്. ആനുകാലികങ്ങളില്‍ കഥയും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ലെ കേരള സര്‍ക്കാരിന്റെ സ്‌കൂള്‍ കലോല്‍സവ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്, ഗള്‍ഫ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുടെ പരമ്പരക്ക് സീതിതങ്ങള്‍ -ദുബൈ കെ.എം.സി.സി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
Post a Comment
0 Comments