Type Here to Get Search Results !

Bottom Ad

നടന്നും ലിഫ്റ്റ് ചോദിച്ചും നാഗ്പൂരുകാരന്‍ റോഹന്‍ കാസര്‍കോട്ടെത്തി; 400ദിവസം കൊണ്ട് ഈ 19കാരന്‍ കണ്ടത് 15 സംസ്ഥാനങ്ങള്‍




കാസര്‍കോട് (www.evisionnews.in): നാഗ്പൂരില്‍ നിന്ന് നടന്നുതുടങ്ങിയ 19കാരന്‍ ഇന്ന് 400 ദിവസം കഴിഞ്ഞു. നടന്നും ലിഫ്റ്റ് വാങ്ങിയും 15 സംസ്ഥാനങ്ങളും പിന്നിട്ട് ഈ നാഗ്പൂര്‍ സ്വദേശി യാത്ര തുടരുകയാണ്. മനുഷ്യനെ പഠിക്കാനും സംസ്‌കാരങ്ങള്‍ പരിചയപ്പെടാനുമായി തുടങ്ങിയ ആ വലിയ യാത്രയുടെ ഭാഗമായി മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ റോഹന്‍ അഗര്‍വാള്‍ കാസര്‍കോട്ടും എത്തിയിരിക്കുകയാണ്. 

രണ്ടു മാസത്തെ കേരളയാത്രക്കിടയില്‍ ഈ മിടുക്കന്‍ മലയാളവും കുറച്ചൊക്കെ പഠിച്ചു. രണ്ടുമാസം മുമ്പാണ് കേരളത്തിലെത്തിയത്. പല ജില്ലകളിലും കറങ്ങി. ഇന്ന് വൈകിട്ടോടെ കാസര്‍കോട്ടെത്തി. മധൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഇന്ന് അവിടെ തങ്ങും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച നാളെ കാസര്‍കോട് വിടാനാണ് തീരുമാനമെന്ന് റോഹന്‍ പറഞ്ഞു.

ബികോം വിദ്യാര്‍ഥിയാണ് റോഹന്‍. പഠനത്തോടൊപ്പം സ്റ്റോക്ക് മാര്‍ക്കറ്റിംഗും ചെയ്തിരുന്ന ഈ കൗമാരക്കാരന്‍ ഇന്ത്യയെ അറിയണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റ് 25നാണ് രണ്ടാം വര്‍ഷത്തില്‍ ബി.കോം പഠനം ഉപേക്ഷിച്ച് രോഹന്‍ നടന്നുതുടങ്ങിയത്. കുറച്ച് തുണികളടങ്ങിയ ഒരു ബാഗ്, ഫോണ്‍, പവര്‍ബാങ്ക്, സ്റ്റോക്ക് മാര്‍ക്കറ്റിങ്ങിലൂടെ ലഭിച്ച 2500 രൂപയും മാത്രമായിരുന്നു മൂലധനം. ലിഫ്റ്റ് ചോദിച്ചു കുറേദൂരം പോകും. പിന്നെ കിലോമീറ്ററുകളോളം നടക്കും. കാടും മലയും പുഴയുമൊക്കെ താണ്ടിയുള്ള യാത്ര. കിട്ടുന്നത് തിന്നും. സുരക്ഷിതമെന്ന് തോന്നുന്നിടത്ത് കിടന്നുറങ്ങും.

ഇതിനിടെ സമൂഹിക മാധ്യമങ്ങളിലൂടെ റോഹന്റെ യാത്രയെക്കുറിച്ച് ലോകം അറിഞ്ഞു. അങ്ങനെ അപരിചിതരായ പലരും അവന് സഹായവുമായെത്തി. ഭക്ഷണവും വീട്ടില്‍ ഉറങ്ങാന്‍ ഇടവും നല്‍കി. പോകുന്നിടത്തെ സംസ്‌കാരം മനസിലാക്കുന്നതിനൊപ്പം ഭാഷയും പഠിച്ചു. ഇപ്പോള്‍ മലയാളവും തമിഴുമൊക്കെ മനസിലാകും. കുറച്ചൊക്കെ പറയാനുമാകും. യാത്രയ്‌ക്കൊപ്പം പ്ലാസ്റ്റിക്കിനെതിരേയുള്ള സന്ദേശവും റോഹന്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യ മുഴുവന്‍ കണ്ടതിനുശേഷം സൈബീരിയയില്‍ പോവുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നാഗ്പൂരില്‍ വ്യാപാരം നടത്തുന്ന രമേശിന്റെയും സീമയുടെയും മകനാണ്. കനികയാണ് സഹോദരി.

Post a Comment

0 Comments

Top Post Ad

Below Post Ad