ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഇരുപതു വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്ത് പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്ന് നീക്കി. തിങ്കളാഴ്ച കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോലീസുകാരുടെ മര്‍ദ്ദനമേറ്റ് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
പത്ത് പോലീസുകാരില്‍ അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം ഇന്നലെ രാത്രി ഗ്രാമത്തിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പടിഞ്ഞാറന്‍ യുപി ജില്ലയിലെ ഒരു പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തില്‍ വച്ച് ഒരു കാരണവുമില്ലാതെ യുവാവിനെ പൊലീസുകാര്‍ ആക്രമിച്ചെന്നും ഇതാണ് യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുത്തിവയ്പ്പ് കേന്ദ്രത്തില്‍ ഉണ്ടായ കലഹത്തെ തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ അന്വേഷിച്ചു വന്ന പോലീസ് യുവാവിന്റെ അമ്മയെയും മര്‍ദിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ബാഗ്പത്തിലെ വാക്സിനേഷന്‍ സെന്ററില്‍ ഒരു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. രണ്ട് പോലീസുകാര്‍ യുവാവിനെ പിടിക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റൊരു വ്യക്തിയെ പോലീസുകാര്‍ തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മര്‍ദ്ദനത്തിനിടയില്‍ യുവാവ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ സ്റ്റാഫ് പേര് വിളിച്ചിട്ടും വാക്സിനേഷന്‍ സെന്ററില്‍ പ്രവേശിക്കാന്‍ പോലീസുകാര്‍ തന്റെ മകനെ അനുവദിക്കാത്തതാണ് തര്‍ക്കത്തിന് കാരണമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ യുവാവിന്റെ പിതാവ് ആരോപിച്ചു.
Post a Comment
0 Comments