കാസര്‍കോട് (www.evisionnews.co): പുത്തിഗെയില്‍ ജേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തിഗെ ഉറുമിയിലെ മുഹമ്മദ് നിസാര്‍ (33) ആണ് കൊല്ലപ്പെട്ടത്.
പുത്തിഗെ പഞ്ചായത്തിലെ ഉറുമിയില്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉച്ച ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ റഫീഖ് കുത്തുകയായിരുന്നു. കുത്തേറ്റ പരിക്കുകളോടെ പുറത്തേക്ക് ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നു വീണ്ടും കുത്തി. വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ നിസാറിനെ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കാസര്‍കോട് ഡി.വൈ. എസ്.പി ബാലകൃഷ്ണന്‍ നായര്‍, ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ കെ. സലീം, എസ്.ഐ പികെ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ നിസാറും റഫീഖും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് റഫീഖ് വീട്ടില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. അതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് റഫീഖ് വീണ്ടും വീട്ടിലേക്ക് താമസം മാറി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
Post a Comment
0 Comments