കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി. കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റം. സംസ്ഥാനതലത്തില്‍ കഴിഞ്ഞദിവസം നടന്ന പൊലിസിലെ കൂട്ട സ്ഥലംമാറ്റ ഉത്തരവിലാണ് കോഴക്കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പിയും ഉള്‍പ്പെട്ടത്. വയനാട് സ്പെഷല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിയായിരുന്ന വി.കെ വിശ്വംഭരന്‍ നായരെ കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി നിയമിച്ചിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ബി.എസ്.പി സ്ഥാനാര്‍ഥി കെ.സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ കഴിഞ്ഞദിവസം സുന്ദര ഉള്‍പ്പെടെ അഞ്ചുപേരുടെ രഹസ്യമൊഴികള്‍ ഹൊസ്ദുര്‍ഗ് കോടതി എടുത്തതിനു പിന്നാലെയാണ് കേസന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് സ്ഥലംമാറ്റം ഉണ്ടായത്. അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തിനില്‍ക്കെ ഉണ്ടായ സ്ഥലംമാറ്റം കേസന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ ചോദ്യംചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നതിനിടെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈ.എസ്.പിയെ മാറ്റിയത്.
Post a Comment
0 Comments