കാസര്‍കോട് (www.evisionnews.co): സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉപവാസ സമരവും ധര്‍ണയും സംഘടിപ്പിക്കുന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക, കോവിഡ് കാലത്തെ റോഡ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കുക, പൊതു ഗതാഗതത്തിന് ആവശ്യമായ ഡീസലിന് സബ്‌സിഡി അനുവദിക്കുക, ചെലവിന് ആനുപാതികമായി വരുമാനം വര്‍ധിപ്പിക്കുക, നിലവിലുള്ള ബസ് പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നല്‍കുക, ബസ് ഒന്നിന് മൂന്നു ലക്ഷം രൂപ വീതമെങ്കിലും പലിശരഹിത വായ്പ അനുവദിക്കുക, ആത്മഹത്യ ചെയ്ത ബസുടമയുടെയും തൊഴിലാളികളുടെയും കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കുക, ബസുടമകളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം അനുവദിക്കുക, രണ്ടാംഘട്ട ലോക്ഡൗണ്‍ മൂലം സംസ്ഥാനത്ത് നിര്‍ത്തിവച്ചിരിക്കുന്ന സ്വകാര്യ ബസുകളുടെ 2021 മെയ് മാസം മുതല്‍ സെര്‍വീസ് പുനരാരംഭിക്കുന്നത് വരെയുള്ള സമയത്തെ ഇന്‍ഷുറന്‍സ് പോളിസി ദീര്‍ഘിപ്പിച്ചു നല്‍കുക, കോവിഡ് കാലം കഴിയുന്നതുവരെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കുക, പൊതു ഗതാഗത മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും തുല്യ നീതിയും തുല്യ പരിഗണനയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ബസ് ഉടമസ്ഥ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബസ് സ്റ്റാന്റില്‍ നടക്കുന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ എ അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് താലൂക്ക് പ്രസിഡന്റ് എംഎ അബ്ദുല്ല അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ്് കെ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്യും.
ഹൊസങ്കടി ബസ് സ്റ്റാന്റ് പരിസരത്ത് മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് തിമ്മപ്പ ഭട്ടിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ. കമലാക്ഷി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവിനാ മോന്ററിയോ ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് സി.രവിയുടെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സി.വി. പ്രമീള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നീലേശ്വരം നഗരസഭാ പ്രഥമ വനിതാ ടിവി ശാന്ത ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി, ട്രേഡ് യൂണിയന്‍, നേതാക്കള്‍ ഉപവാസ സമരങ്ങളില്‍ പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പിഎ മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറിമാരായ ശങ്കര്‍ നായക്, ടി. ലക്ഷ്മണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സിഎ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.
Post a Comment
0 Comments