കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. പരിശോധനക്കായി തലപ്പാടി ചെക്ക് പോസ്റ്റിന് പുറമെ കേരള- മംഗളൂരു അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. കൊണാജെ, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ചു ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും. തൗഡുഗോളി, നെറ്റിലപദവ്, നര്യ ക്രോസ്, നന്ദര്‍ പട്പു, മുടുഗര കട്ട എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കുക.
ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ ടീമിനൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിനുപുറമെ റെയില്‍വേ വകുപ്പുമായി സഹകരിച്ച് മംഗളൂരു സെന്‍ട്രല്‍, ജംഗ്ഷന്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ ചെക്കിംഗ് പോയിന്റ് സ്ഥാപിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനാല്‍ ഇവിടങ്ങളില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് കര്‍ണാടകയിലേക്ക് വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഡിസിപി ഹരിറാം ശങ്കര്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് ദിവസവും മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. അതുപാസായി കണക്കാക്കും മറ്റു കാരണങ്ങളാല്‍ വരുന്നവര്‍ 72 മണിക്കൂറുനുള്ളില്‍ എടുത്ത പരിശോധന റിപ്പോര്‍ട്ട് കരുതണം. ചെക്ക് പോസ്റ്റുകളിലെ ആര്‍ടി- പിസിആര്‍ പരിശോധനയില്‍ ആരെയെങ്കിലും പോസിറ്റീവായാല്‍ ബന്ധപ്പെട്ടവരെക്കുറിച്ച് കേരള സര്‍ക്കാരിനെ അറിയിക്കും. പിന്നീട് ക്വാറന്റീന്‍ ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മംഗളൂരു- കേരള അതിര്‍ത്തിയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കായി വരുന്ന വിദ്യാര്‍ഥികള്‍ക്കും അവരോടൊപ്പം വരുന്ന മാതാപിതാക്കള്‍ക്കും അസൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് ഡിസിപി (ക്രമസമാധാനം) ഹരിറാം ശങ്കര്‍. എസ്എസ്എല്‍സി പരീക്ഷക്കായി കേരളത്തില്‍ നിന്ന് മംഗളൂരുവിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ചെക്ക് പോസ്റ്റുകളില്‍ ഒരു തരത്തിലുള്ള അസൗകര്യവും നേരിടേണ്ടിവരില്ല. മാതാപിതാക്കള്‍ക്കായി ചെക്ക് പോസ്റ്റുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുകയും കൂടുതല്‍ കാലതാമസമില്ലാതെ പോകാന്‍ അനുവദിക്കുകയും ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി. ഡിസിപി ക്രൈം ആന്റ്് ട്രാഫിക് ബിപി ദിനേശ് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments