കേരളം (www.evisionnews.co): വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് വിഴിഞ്ഞം തിരുവനന്തപുരം റോഡില്‍ മൃതദേഹവും വെച്ചുകൊണ്ട് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി വിട്ടയച്ചിരുന്നു. അതില്‍ പ്രതിഷേധിച്ചായിരുന്നു ബന്ധുക്കളുടെ നടപടി.
പ്രതിഷേധത്തെ തുടര്‍ന്ന് കോവളം എംഎല്‍എ എം വിന്‍സന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു. ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന പൊലീസ് ഉറപ്പിലാണ് ഉപരോധം പിന്‍വലിച്ചത് . വീഴ്ച പരിഹരിക്കുമെന്നും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും തിരുവനന്തപുരം തഹസില്‍ദാര്‍ ഉറപ്പ് നല്‍കി.
വീട്ടില്‍ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അര്‍ച്ചനയെ കണ്ടെത്തിയത്. വീട്ടില്‍വെച്ച് തന്നെ അര്‍ച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് എത്തിച്ച ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
Post a Comment
0 Comments