(www.evisionnews.co) കേന്ദ്ര നിർദേശമനുസരിച്ച് കേരളത്തിൽ ഡിറ്റെന്‍ഷന്‍ സെന്റര്‍ (കരുതല്‍ കേന്ദ്രം) നിർമ്മിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും നടപടി ആരംഭിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്പോര്‍ട്ട് / വിസ കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ തിരുവനന്തപുരത്തും തൃശൂരും തടങ്കൽപാളയങ്ങൾ ആരംഭിക്കാനാണ് സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടർ പുനർവിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച നടപടിയാണ് വീണ്ടും തുടങ്ങുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ആര്‍സി), പൗരത്വ ഭേദഗതി (സിഎഎ) നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഇത്തരം ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കം സംസ്ഥാനത്ത് വിവാദത്തിന് ഇടയാക്കിയിരുന്നു. അന്ന് നിര്‍ത്തിവെച്ച നടപടികളാണ് ഇപ്പോള്‍ വീണ്ടും തുടങ്ങുന്നത്.
ഒരു സമയം പരമാവധി 10 പേർക്ക് താമസിക്കാവുന്ന ഡിറ്റൻഷൻ സെൻററാണ് രണ്ട് ജില്ലകളിലും ആരംഭിക്കുന്നത്. ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്. താത്പര്യമുള്ള സംഘടനകൾ ഈ ജൂൺ 15ന് വൈകീട്ട് അഞ്ചിനു മുമ്പ് വിശദ നിർദേശം ലഭ്യമാക്കാനും ഡയറക്ടർ നിർദേശിക്കുന്നു. അടിസ്ഥാന സൗകര്യത്തിനു പുറമെ സി.സി.ടി.വി, മുള്ളുവേലിയടക്കം തടങ്കൽപാളയത്തിന് ഏർപ്പെടുത്തും. സംസ്ഥാന പൊലീസിനാകും സുരക്ഷ. തൃശൂർ പൂങ്കുന്നത്ത് ഡിറ്റൻഷൻ സെൻറർ പ്രവർത്തനം തുടങ്ങി.
നിയമ ലംഘനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കി തിരികെ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ച് പോവുന്നതിനുള്ള നിയമ നടപടി കാത്തിരിക്കുന്ന വിദേശികള്‍ രാജ്യം വിടുന്ന വരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് കേന്ദ്രങ്ങള്‍ എന്നാണ് സാമൂഹ്യ നീതി വകുപ്പ് ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്കുന്ന വിശദീകരണം.
Post a Comment
0 Comments