കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപന ഭീഷണി തുടരുമ്പോള്‍ കാസര്‍കോട് നേരിടുന്ന വലിയ ആശങ്ക ജില്ലയുടെ ആരോഗ്യ മേഖലയിലെ പരിമിതികളും പരാതീനകളുമാണ്. രോഗം വന്നാല്‍ ചികിത്സിച്ച് ഭേദമാക്കുക എന്ന ദൗത്യത്തിന് മുന്നില്‍ ആരോഗ്യ രംഗം നോക്കുകുത്തിയാകുന്നു എന്നതാണ് കോവിഡ് കാലത്തെ ജില്ലയുടെ ദുരന്തം. മെഡിക്കല്‍ കോളജും ടാറ്റയുടെ കോവിഡ് ആസ്പത്രിയുമുണ്ട്. ജനറല്‍, ജില്ലാ ആസ്പത്രികളടക്കം സ്വകാര്യ-പൊതു മേഖലാ ആസ്പത്രികളുമുണ്ട്.
ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതോടെ പ്രാണവായുവിന് വേണ്ടിയുള്ള നെട്ടോട്ടം തുടരുന്നു. ഇനിയും പോസിറ്റീവ് കൂടിയാല്‍ ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായേക്കാവുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. സര്‍ക്കാര്‍ ആസ്പത്രികളില്‍ 180 സിലിണ്ടറും സ്വകാര്യ ആസ്പത്രികളില്‍ 110 സിലിണ്ടറും വേണം. അതിനിടെ ഐസിയു, വെന്റിലേറ്റര്‍ കിടക്കകള്‍ നിറയുകയാണ്. ഐസിയു ബെഡുകള്‍ -74, ഐ.സി.യു വെന്റിലേറ്ററുകള്‍ -59, വന്റെിലേറ്ററുകള്‍ -59, ഓക്സിജന്‍ ബെഡുകള്‍ -85 എന്നിങ്ങനെയാണ് ജില്ലയിലെ ആസ്പത്രികളിലെ സൗകര്യം. ഇവയില്‍ തൊണ്ണൂര്‍ ശതമാനവും നിറഞ്ഞുകഴിഞ്ഞു. കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയ ആകെയുള്ള 1555 ബെഡുകളില്‍ ഒഴിവുള്ളത് 700 താഴെ ബെഡുകളാണ്. രോഗ വ്യാപനം കൂടുന്നതിന് അനുസരിച്ച് സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളജ് 17 വെന്റിലേറ്റര്‍ ഉണ്ടെന്നാണ് സൈറ്റില്‍ പറയുന്നതെങ്കിലും അത്രയും ഇല്ലെന്നാണ് അറിയുന്നത്. സണ്‍റൈസ് കാഞ്ഞങ്ങാട്(6), സഞ്ചീവനി(1), അരമന കാസര്‍കോട്(1), ഇ.കെ. നായനാര്‍ ആസ്പത്രി നാലാംമൈല്‍(1) എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് ആസ്പത്രികളിലെ വെന്റിലേറ്ററുകളുടെ എണ്ണം. ഗവ മെഡിക്കല്‍ കോളജില്‍ 59, ടാറ്റാ 133, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി 17, കാസര്‍കോട് ജനറല്‍ ആസ്പത്രി 15 എന്നിങ്ങനെയാണ് ചികിത്സിയിലുള്ളവരുടെ എണ്ണം. ഗുരുവനം സിഎസ്എല്‍ടിസിയില്‍ 120 ബെഡുകളും കെവി ഗുരുമവനം സിഎഫ്എല്‍ടിസിയില്‍ 180 ബെഡുകളും അസാപില്‍ 90 ബെഡുകളും പാലത്താടത്ത് 40ല്‍ താഴെ ബെഡുകളുമാണ് ഒഴിവുകളുള്ളത്.
ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ വെന്റിലേറ്റര്‍ സൗകര്യം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലില്ല. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ 17 വെന്റിലേറ്റര്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലുള്ളത്. എന്നാല്‍ ഈ വെന്റിലേറ്ററുകളും പ്രവര്‍ത്തന ക്ഷമമല്ലെന്നാണ് ആസ്പത്രി അധികൃതരില്‍ നിന്നുള്ള വിവരം. വെന്റിലേറ്ററുണ്ട്, പക്ഷെ പ്രവര്‍ത്തിപ്പിക്കാന്‍ ആവില്ലെന്ന് പറഞ്ഞ് രോഗികളെ മടക്കുന്നതായും വിവരമുണ്ട്. പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമില്ലെന്നും ടെക്നീഷ്യന്മാരില്ലെന്നുമാണ് കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ടാറ്റ ആസ്പത്രിയിലെ സ്ഥിതിയും ഇതുതന്നെ. ഗുരുതരമായ രോഗികളെ പരിയാരത്തേക്കും മംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് നിലവില്‍.
ജില്ലയില്‍ ആയിരം ഓക്സിജന്‍ ബെഡുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ടാറ്റാ ആസ്പത്രിയില്‍ അധികമായി സജ്ജീകരിച്ച 40 കിടക്കകള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ജില്ലാ ആസ്പത്രിയില്‍ 20 ഓക്സിജന്‍ കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ഓക്സിജന്‍ കിട്ടാത്തതിനാല്‍ ഇതും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ട്രാന്‍സ്ഫര്‍ ആയി പോയ നഴ്സുമാര്‍ക്ക് പകരം നിയമിക്കാന്‍ പോലും സര്‍ക്കാറിനായിട്ടില്ല. കോവിഡ് ചികിത്സയ്ക്കുതകുന്ന രണ്ടുവെന്റിലേറ്റര്‍ മാത്രമാണ് ടാറ്റയില്‍ പ്രവര്‍ത്തിക്കുന്നത്. 540 ബെഡുകള്‍ ഒരുക്കാന്‍ സൗകര്യത്തില്‍ ടാറ്റാ നിര്‍മിച്ച ആസ്പത്രിയില്‍ പകുതി പോലും ബെഡുകള്‍ സജ്ജീകരിക്കാനോ പകുതി നിയമനം പൂര്‍ത്തിയാക്കാനോ സര്‍ക്കാറിനോ ജില്ലാ ഭരണകൂടത്തിനോ കഴിഞ്ഞിട്ടില്ല.
ജില്ലയിലെ ആരോഗ്യ മേഖലയില്‍ ഇത്രയേറെ പരാതികളും ജീവനക്കാരുടെയും സജ്ജീകരണങ്ങളുടെയും കുറവുകളും ഉണ്ടായിട്ടും അതൊന്നും പുറത്തുവിടാതെ സര്‍ക്കാറിനെ സഹായിക്കുന്ന നിലപാടാണ് ജില്ലാ അധികാരികളും ജനപ്രതിനിധികളും ആസ്പത്രി അധികൃതരും. ജനങ്ങള്‍ ശ്വാസം മുട്ടി മരിച്ചാലും വേണ്ടില്ല, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത പുറത്തറിയരുതെന്ന ശാഠ്യമാണ് ജനപ്രതിനിധികള്‍ക്കും ജില്ലാ ഭരണാധികാരികള്‍ക്കും.
Post a Comment
0 Comments