Type Here to Get Search Results !

Bottom Ad

രണ്ടാം പിണറായി മന്ത്രി സഭയില്‍ സിഎച്ച് കുഞ്ഞമ്പുവിന് സാധ്യത


കാസര്‍കോട് (www.evisionnews.co): ഉദുമ നിയമസഭ മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ സിഎച്ച് കുഞ്ഞമ്പുവിന് രണ്ടാം പിണറായി മന്ത്രി സഭയില്‍ അംഗത്വം ലഭിച്ചേക്കും. ഇതോടെ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാകും സിഎച്ച് കുഞ്ഞമ്പു. നേരത്തെ തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച് ഇകെ നായര്‍ മുഖ്യമന്ത്രിയായതൊഴിച്ചാല്‍ അതിന് മുമ്പോ പിമ്പോ സിപിഎമ്മില്‍ നിന്നുള്ള മന്ത്രി ഉണ്ടായിട്ടില്ല കാസര്‍കോട്ടേക്ക്.


ഇക്കുറി പുതുമുഖങ്ങളെ പരിഗണിക്കുകയും കാസര്‍കോട് ജില്ലയെ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇക്കുറി ജില്ലയില്‍ നിന്ന് സിപിഐ മന്ത്രിക്ക് പുറമെ മറ്റൊരു മന്ത്രിക്ക് കൂടി സാധ്യതയുള്ളതായാണ് വിവരം. അതേസമയം, ഒരു ജില്ലയില്‍ നിന്ന് ഒരുമന്ത്രി എന്ന എല്‍ഡിഎഫിന്റെ നയം ഉറപ്പിക്കുകയാണെങ്കില്‍ സിഎച്ച് കുഞ്ഞമ്പുവിന് മന്ത്രി സ്ഥാനം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ 2006ല്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലക്കെതിരെ അട്ടിമറി ജയം നേടിയ ഇദ്ദേഹം തുടര്‍ന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു. ഉദുമയെ രണ്ടു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ. കുഞ്ഞിരാമനെ ഇത്തവണ മാറ്റി നിര്‍ത്തിയപ്പോള്‍ പകരം മണ്ഡലം നിലനിര്‍ത്താനുള്ള ചുമതലയാണ്, അടുപ്പക്കാര്‍ സ്‌നേഹത്തോടെ സിഎച്ച് എന്നും കുഞ്ഞമ്പുവേട്ടന്‍ എന്നും വിളിക്കുന്ന ഇദ്ദേഹത്തെ ഇത്തവണ സിപിഎം ഏല്‍പിച്ചത്. ബാലസംഘത്തിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായാണ് പൊതുരംഗത്തേക്കുള്ള കടന്ന് വരവ്.


എസ്എഫ്‌ഐ താലൂക്ക് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളിലൂടെ സിപിഎം നേതൃത്വത്തിലേക്ക്. സിപിഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമാണ്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, കെടിഡിസി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു. കാസര്‍കോട് ഗവ.കോളജില്‍ നിന്നു ബിരുദവും മംഗളൂരു എസ്ഡിഎം കോളജില്‍ നിന്നു നിയമ ബിരുദവും നേടി. 13 വര്‍ഷം കാസര്‍കോട് ബാറിലെ അഭിഭാഷകനായിരുന്നു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.സുമതിയാണ് ഭാര്യ. മകള്‍. കെ.എസ്.ശ്രുതി ബെംഗളൂരു വിപ്രോയില്‍ എന്‍ജിനീയറാണ്. വിദ്യാനഗര്‍ ചിന്മയ ഹൗസിങ് കോളനിയിലാണ് താമസമെങ്കിലും ബേഡഡുക്ക പഞ്ചായത്തിലെ ബീംബുങ്കാല്‍ സ്വദേശിയാണ് സി.എച്ച് കുഞ്ഞമ്പു.

Post a Comment

0 Comments

Top Post Ad

Below Post Ad