Type Here to Get Search Results !

Bottom Ad

ബേപ്പൂരില്‍ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് ഇനിയും കണ്ടെത്താനായില്ല


മംഗളൂരു (www.evisionnews.co): ബേപ്പൂരില്‍ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടി. അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

അജ്മീര്‍ ഷാ എന്ന ബോട്ടിലുണ്ടായിരുന്ന 15 പേര്‍ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇരു ബോട്ടുകളിലുമായി 30 തൊഴിലാളികളാണുള്ളത്. ഈ തൊഴിലാളികളെല്ലാം തമിഴ്നാട് സ്വദേശികളാണ്. ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന മിലാദ്-3 എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്.

ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തിരമായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. കാണാതായ ബോട്ടിനെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട 'ടൗട്ടെ' അതിതീവ്ര ചുഴലിക്കാറ്റായി ഗോവതീരത്തേക്ക് നീങ്ങുന്നു. പനജിയില്‍നിന്ന് 150 കിലോമീറ്ററും മുംബൈയില്‍നിന്ന് 420 കിലോമീറ്റര്‍ അകലെയുമാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad