കണ്ണൂര്‍ (www.evisionnews.co): വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ ആക്രമണത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂത്തുപ്പറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. സഹോദരന്‍ മുഹ്‌സിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്.
ഇന്നലെ രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായത്. തെരഞ്ഞെടുപ്പില്‍ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ബൂത്ത് ഏജന്റായിരുന്നു. വോട്ടെടുപ്പിനിടെ ഉച്ചമുതല്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു.
മന്‍സൂറിന്റെ വീടിന് മുന്നില്‍വെച്ചാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന വീട്ടിലെ സ്ത്രീകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ശേഷം മന്‍സൂറിനെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ജേഷ്ഠന്‍ മുഹ്‌സിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുഹ്‌സിനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ സ്ത്രീകള്‍ തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
Post a Comment
0 Comments