Type Here to Get Search Results !

Bottom Ad

കുബണൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ പ്രചാരണം വസ്തുതാവിരുദ്ധം: മംഗല്‍പാടി പഞ്ചായത്ത്


കുമ്പള (www.evisionnews.co): മംഗല്‍പാടി പഞ്ചായത്തിലെ കുബണൂര്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ ചിലര്‍ നടത്തുന്നത് ദുഷ്പ്രചാരണവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് പഞ്ചായത്ത് ഭരണസമിതി. മാലിന്യ സംസ്‌കരണം ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് ഇപ്പോഴും നടന്നുവരുന്നത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും ഫ്‌ളാറ്റുകളുള്ള ഒരു പഞ്ചായത്തിന് താങ്ങാനാവുന്നതിനേക്കാളും കൂടുതല്‍ മാലിന്യങ്ങളാണ് പ്രതിദിനം നഗരത്തിലും മറ്റും ഉണ്ടാകുന്നത്. ഇതെല്ലാം ദിവസവും നീക്കംചെയ്ത് പ്ലാന്റില്‍ നിക്ഷേപിക്കുകയും അത് സംസ്‌കരിക്കുകയും ചെയ്തുവരുന്നുണ്ട്.

പ്ലാന്റില്‍ മാലിന്യത്തിന്റെ അളവ് ക്രമാതീതമായ തോതില്‍ വര്‍ധിക്കുമ്പോഴുണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്. മറിച്ച് യാതൊരു പ്രശ്‌നങ്ങളും അവിടെയില്ല. മാലിന്യത്തിന്റെ പേരില്‍ കാലങ്ങളായി പഞ്ചായത്തിനെതിരെ അനാവശ്യ പ്രചാരണം അഴിച്ചുവിടുന്നവര്‍ തന്നെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമരത്തിന് തയാറെടുക്കുന്നത്.

പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ പ്രശ്‌നത്തിന് പരിഹരം കണ്ടെത്താന്‍ കഴിഞ്ഞ ഭരണസമിതിയും കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് നിലവിലെ ഭരണസമിതി അധികാരമേറ്റടുത്ത ഉടന്‍ തന്നെ ശുചിത്വ മിഷനുമായി കൈകോര്‍ത്ത് വാര്‍ഡുതല ഹരിത കര്‍മ സേന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. എല്ലാ വാര്‍ഡുകളിലും രണ്ടുപേര്‍ വീതമുള്ള ഹരിത കര്‍മ സേന ശക്തമായി പ്രവര്‍ത്തിച്ചുവരുന്നതായും മാലിന്യ സംസ്‌ക്കരണ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് റിഷാന സാബിര്‍, വൈസ് പ്രസിഡന്റ് യൂസുഫ് ഹേരൂര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബൂണ്‍, ഖൈറുന്നിസ ഉമ്മര്‍, ഇര്‍ഫാന ഇഖ്ബാല്‍, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ദീപേഷ്, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ലക്ഷ്മി, അസിസ്റ്റന്റ് കോഡിനേറ്റര്‍ പ്രേംരാജ്, ആര്‍പി രാഘവന്‍ പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad