കാസര്‍കോട് (www.evisionnews.co): ജില്ലാ ഭരണകൂടം നിയോഗിച്ച 'മാഷ്' ഡ്യൂട്ടിക്കിടെ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പുത്തിഗെ സൂരംബയലിലെ അധ്യാപകന്‍ എം. പത്മനാഭന്‍ കോവിഡ് ബാധിച്ച് മരിച്ചത് സമൂഹത്തില്‍ സങ്കടവും പ്രതിഷേധവും ഉളവാക്കിയിരിക്കുകയാണ്.
മാഷ് പദ്ധതിക്കു രൂപം നല്‍കിയത് മുതല്‍ ജില്ലയിലെ അധ്യാപകന്മാര്‍ മാനസിക പിരിമുറക്കത്തിലാണ്. ഏകോപനമില്ലാതെയാണ് അധ്യാപികമാരടക്കമുള്ളവരെ വീടുകളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ എത്താന്‍ പറയുന്നത്. ബോധവല്‍കാരണമോ പരിശീലനമോ ഇല്ല. ചെയ്യേണ്ട ഡ്യൂട്ടിയെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ല. ചെക്കുപോസ്റ്റുകളില്‍ എത്തിയാല്‍ പൊലീസ് പറയുന്ന ജോലി എടുക്കണം. ആസ്പത്രികളില്‍ ഡാറ്റാ എന്‍ട്രിക്കു നിയോഗിക്കപ്പെടുന്നു. സുരക്ഷാക്രമീകരണങ്ങള്‍ തീരെ ഇല്ല. കൈയുറയോ സാനിട്ടൈസറോ നല്‍കുന്നില്ല. പന്ത്രണ്ട് മണിക്കൂര്‍ ജോലി. വെള്ളമോ ഭക്ഷണമോ ഇല്ല. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളവരും മാനസിക പീഡനം അനുഭവിക്കുന്നു.
ഓണ്‍ലൈന്‍ പഠനകാലത്ത് അധ്യാപകന്മാര്‍ക്ക് ഒരുപാടു ഉത്തരവാദിത്തമുണ്ട്. അതിനിടയിലാണ് മാഷ് പദ്ധതി എന്ന പേരില്‍ അപമാനം. അധ്യാപകന്‍ എന്നര്‍ത്ഥമുള്ള 'മാഷ്' എന്ന പദം മലയാളത്തിലോ ഇംഗ്ലീഷിലോ ഇല്ല. 'കഞ്ഞി' എന്നാണ് മാഷ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം. അധ്യാപകരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനു മാഷ് പദ്ധതി എന്ന പേരുനല്‍കിയത് അധ്യാപക സമൂഹത്തോടുള്ള ആക്ഷേപവും അപമാനവുമാണ്. പല അധ്യാപക സംഘടനകളും ഈ പന്തികേട് തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്താന്‍ ജില്ലാ ഭരണകൂടം തയാറായില്ല.
ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയുടെയും എടുത്തുചാട്ടത്തിന്റെയും ഫലമാണ് എം. പത്മനാഭന്‍ മാസ്റ്റരുടെ മരണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും അയച്ച കത്തില്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments