കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം എട്ടാംമാസത്തിലേക്ക് കടക്കുമ്പോള്‍ മഹാമാരിയുടെ പിടിയിലമര്‍ന്ന് കാസര്‍കോട് ജില്ല. കോവിഡ് രോഗബാധിതരുടെ എണ്ണം കുറയാതെ തുടരുമ്പോഴും മരണസംഖ്യയും പ്രതിദിനം കൂടിവരുന്നത് ആശങ്കയുണര്‍ത്തുന്നു. രണ്ടു ദിവസത്തിനകം 5 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈമാസം ഇന്നുവരെ മരിച്ചവരുടെ എണ്ണം 35ആയി.
പ്രശസ്ത തെയ്യം കലാകാരനും തബലിസ്റ്റുമായ വെള്ളിക്കോത്തെ ഭരതന്‍ പണിക്കര്‍ (59), കൊറക്കോട് ബിലാല്‍ പള്ളിക്ക് സമീപത്തെ ഹമീദ് കോയ തങ്ങള്‍ (85) എന്നിവരുടേതാണ് ഒടുവിലത്തെ മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചാണ് ഭരതന്‍ പണിക്കര്‍ മരിച്ചത്. രണ്ടുദിവസം മുമ്പാണ് പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഒരാഴ്ച മുമ്പാണ് അസ്വസ്ഥതയെ തുടര്‍ന്നാ്ണ് ഹമീദ് തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വോര്‍ക്കാടി പുരുഷം കോടി സ്വദേശി അഹമ്മദ് കുഞ്ഞി (68), കാസര്‍കോട് കൊറക്കോട് സ്വദേശി അന്തച്ചയുടെ ഭാര്യ ആമിന(69), പടന്ന തെക്കേപ്പുറം സ്വദേശി ടി.കെ.പി ബഷീര്‍(62) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ച മറ്റു മൂന്നുപേര്‍.
9415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 686 പേര്‍ വിദേശത്ത് നിന്നെത്തിയവരും 520 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7278 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 75 ആയി. നിലവില്‍ 2065 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1046 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു
Post a Comment
0 Comments