കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം തുടങ്ങി ആറുമാസം കഴിയുമ്പോള്‍ മൂവായിരവും കടന്ന് ജില്ലയിലെ രോഗബാധിതര്‍. ഫെബ്രൂവരി മൂന്നുമുതല്‍ ഇന്ന് വരെ ആകെ 3006പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ കണക്ക് പ്രകാരം 18പേര്‍ കോവിഡ് ലക്ഷണങ്ങളോടെ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 939പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാംഘട്ടത്തില്‍ മാത്രം 2828 പേരാണ് രോഗബാധിതരായത്.
രോഗവ്യാപനത്തിനൊപ്പം മരണസംഖ്യ ഉയരുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉള്‍പ്പടെ ക്രമാതീതമായി ഉയരുന്നതും ജില്ലയെ ഭീതിയിലാഴ്ത്തുന്നു. കോവിഡ് രോഗികളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കാജനകമാണ്. ഇന്നലെ ജില്ലയില്‍ 68 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത ഓരാളടക്കം 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ പിലിക്കോട് പഞ്ചായത്തിലെ 50കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗബാധിതരില്‍ 2241പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ പത്തുശതമാനത്തിലധികം പേരുടെ രോഗഉറവിടം വ്യക്തമല്ല. 448പേര്‍ വിദേശത്ത് നിന്നുവന്നവരും 317പേര്‍ അന്യ സംസ്ഥാനത്ത് നിന്നും വന്നവരുമാണ്. 1932പേരാണ് ഇതിനകം രോഗമുക്തരായി ആസ്പത്രിവിട്ടത്. നിലവില്‍ 1056 രോഗികള്‍ വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
വീടുകളില്‍ 3583പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ 4988 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments