കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി സൗദിയില്‍ പൊള്ളലേറ്റ് മരിച്ചു. കടമ്പാര്‍ മീത്തലപ്പുര ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ ഉമറുല്‍ ഫാറൂഖ് (35) ആണ് മരിച്ചത്. ദമാമിലെ ജുബൈലിലെ മാന്‍ പവര്‍ അല്‍മജല്‍ കമ്പനിയില്‍ സൂപ്പര്‍ വൈസറായിരുന്ന ഉമറുല്‍ ഫാറൂഖ് നാലുദിവസം മുമ്പാണ് തീ പൊള്ളലേറ്റത്.
രാവിലെ ഓഫീസിലേക്ക് പോയ ഉമറുല്‍ ഫാറൂഖ് എട്ടുമണിക്ക് താമസ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ ഒന്നാംനിലയിലെ അടുക്കളയില്‍ വെച്ചാണ് തീപൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടു ബംഗ്ലാദേശ് സ്വദേശികള്‍ക്കും പൊള്ളലേറ്റിരുന്നു. മൂവരേയും ജുബൈല്‍ ഗവ. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായ ഉമറുല്‍ ഫാറൂഖ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലു ബംഗ്ലാദേശ് സ്വദേശികള്‍ പോലീസ് കസ്റ്റഡിയിലുള്ളതായാണ് വിവരം. സംഭവദിവസം അടുക്കള ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പൊള്ളലേറ്റ മൂന്നുപേരെയും ആസ്പത്രിയിലെത്തിച്ചത്. രാവിലെ ജോലിക്ക് പോയ ഫാറൂഖ് തിരിച്ചുവന്നതും അഞ്ചാം നിലയിലെ താമസക്കാരന്‍ ഒന്നാം നിലയില്‍ പൊള്ളലേറ്റ് കിടന്നതും ദുരൂഹതയുണര്‍ത്തിയിരുന്നു.
പരേതയായ ബീഫാത്തിമ ഹജ്ജുമ്മയാണ് മാതാവ്. ഭാര്യ: ബായാര്‍ പദവിലെ അനീസ. മക്കള്‍: അബ്ദുല്‍ ഖാദര്‍ അജ്ഷര്‍, ഫാത്തിമ അഷ്‌വ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹിമാന്‍ (കുവൈറ്റ്), അബ്ദുല്‍ അസീസ്, ഇബ്രാഹിം, സിദ്ദീഖ് (മൂവരും സൗദി), മറിയംബി ചള്ളങ്കയം.
Post a Comment
0 Comments