Type Here to Get Search Results !

Bottom Ad

വഖഫ് ഭൂമി വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി അസംബദ്ധം പറയുന്നു: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗ് നേതാക്കളടക്കമുള്ള ജനപ്രതിനിധികള്‍ വഖഫ് ഭൂമി തട്ടിയെടുത്തെന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പ്രസ്താവന ശുദ്ധഅസംബദ്ധമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്്‌ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമിയും സ്‌കൂള്‍ കെട്ടിടവും എംഎല്‍എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ തട്ടിയെടുത്തുവെന്നാണ് ബാലകൃഷ്ണന്‍ മാഷ് ആരോപിക്കുന്നത്. 

പാര്‍ട്ടി ഓഫീസുകളും സ്മാരക മന്ദിരങ്ങളും നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമിയും പൊതുസ്ഥലങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കയ്യേറി പാരമ്പര്യമുള്ള പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ ഭാഷ അങ്ങനെയായതില്‍ അത്ഭുതമില്ല. മുസ്്‌ലിം ലീഗ് നേതാക്കള്‍ വഖഫ് സ്വത്ത് തട്ടിയെടുത്തുവെന്ന് പാര്‍ട്ടി പത്രത്തില്‍ വന്ന വ്യാജ വാര്‍ത്ത സാധൂകരിക്കാനുള്ള ശ്രമമാണ് സിപിഎം ജില്ലാ സെക്രട്ടറി നടത്തിയത്. അഗതി മന്ദിരവും സ്‌കൂളും സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ളതാണ്. അത് കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതും സമസ്ത ജില്ലാ നേതാക്കളാണ്. അതില്‍ വല്ല അപാകതകളും ന്യൂനതകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ സമസ്ത കേന്ദ്ര മുശാവറയാണ് തീരുമാനമെടുക്കേണ്ടത്. 

പരസ്പരം ചര്‍ച്ച ചെയ്ത് വില്‍പന നടത്തിയ സ്ഥലത്തെ തട്ടിയെടുത്തുവെന്ന് ആരോപിക്കുന്നത് പരിഹാസ്യമാണ്. മുസ്്‌ലിം ലീഗിലൂടെ എല്ലാ സൗഭാഗ്യങ്ങളും കുടുംബസമേതം ഊറ്റിയെടുത്ത് മറുകണ്ടം ചാടിയ ഒരു വക്കീലിന്റെ നുണകേട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ഇത്രത്തോളം തരംതാണത്. സമസ്ത കേന്ദ്ര മുശാവറയുടെ പരിഗണനയിലുള്ള ഒരു വിഷയത്തെ സംബന്ധിച്ച് വലിയ രീതിയില്‍ ഇടപെടാനുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ താല്‍പര്യം രാഷ്ട്രീയ ലാഭത്തിനുള്ള ശ്രമം മാത്രമാണ്. പ്രളയ ഫണ്ടില്‍ നിന്നും കയ്യിട്ടുവാരിയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എല്ലാവരും അങ്ങനെയാണെന്ന് കരുതുന്നത് വിവരക്കേടാണെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad