Type Here to Get Search Results !

Bottom Ad

പിആര്‍ വര്‍ക്കുകള്‍ കൊണ്ട് മാത്രം അതിജീവിക്കാനാവില്ല: പിണറായി സര്‍ക്കാറിന്റെ 'കോവിഡ് പ്രതിരോധം' പോസ്റ്റുമാര്‍ട്ടം ചെയ്ത് പികെ ഫിറോസ്


കേരളം (www.evisionnews.co): പിണറായി സര്‍ക്കാറിന്റെ 'കോവിഡ് പ്രതിരോധം' പോസ്റ്റുമാര്‍ട്ടം ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിആര്‍ വര്‍ക്കുകള്‍ കൊണ്ട് മാത്രം ഈ നാടിന് അതിജീവിക്കാനാവില്ല. ഒരു ജനതയെ ദയവ് ചെയ്ത് പരീക്ഷണത്തിന് വിട്ട് കൊടുക്കരുതെന്നും പികെ ഫിറോസ് പറയുന്നു. 

കാസര്‍ക്കോട്ടെ രോഗിയും ഇടുക്കിയിലെ മുഖ്യമന്ത്രി ആക്ഷേപിച്ച പൊതുപ്രവര്‍ത്തകനുമെല്ലാം ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെങ്കിലും രോഗ വ്യാപനമുണ്ടായിരുന്നില്ല. വൈറസിന് ജനിതക മാറ്റം സംഭവിച്ചത് കൊണ്ടാണോ ചില ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടിയത് പോലെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണോ എന്നൊന്നും നമുക്കറിയില്ല. ഏതെങ്കിലും ഭരണാധികാരിയുടെ ഇരട്ടച്ചങ്ക് കൊണ്ട് തടഞ്ഞതല്ല എന്ന കാര്യം മാത്രം നമുക്കുറപ്പിച്ച് പറയാനാവുമെന്നും ഫിറോസ് പറയുന്നു. 

എഫ് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ പൊതുവേ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കുറവായിരുന്നു. കാസര്‍ക്കോട്ടെ രോഗിയും ഇടുക്കിയിലെ മുഖ്യമന്ത്രി ആക്ഷേപിച്ച പൊതുപ്രവര്‍ത്തകനുമെല്ലാം ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെങ്കിലും രോഗ വ്യാപനമുണ്ടായിരുന്നില്ല. വൈറസിന് ജനിതക മാറ്റം സംഭവിച്ചത് കൊണ്ടാണോ ചില ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടിയത് പോലെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണോ എന്നൊന്നും നമുക്കറിയില്ല. ഏതെങ്കിലും ഭരണാധികാരിയുടെ ഇരട്ടച്ചങ്ക് കൊണ്ട് തടഞ്ഞതല്ല എന്ന കാര്യം മാത്രം നമുക്കുറപ്പിച്ച് പറയാനാവും.

ആ കാലത്ത് നമ്മുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതെങ്ങിനെയെന്ന് ഇപ്പോള്‍ ഓരോരുത്തരായി തുറന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. കോവിഡ് ബാധിച്ച് മരണമടഞ്ഞു എന്ന് പ്രചരിപ്പിക്കപ്പെട്ട മഞ്ചേരിയിലെ കുട്ടിയുടെ മാതാപിതാക്കള്‍ പത്രസമ്മേളനം നടത്തി അവര്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞ തിരുവല്ലയിലെ ജോഷിയുടെ ബന്ധുക്കള്‍ സൗജന്യം എന്ന് പറഞ്ഞ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവായതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാലക്കാട്ടെ ആശുപത്രിയിലെ രോഗികള്‍ ഫേസ്ബുക്ക് ലൈവിലൂടെ തങ്ങളുടെ ദുരവസ്ഥ വിളിച്ചു പറഞ്ഞു. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ഒരാള്‍ക്ക് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഗുളിക വരെ കൊടുത്തു. പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ല. ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഒടുവില്‍ സൗജന്യ ക്വാറന്റൈന്‍ തന്നെ നിര്‍ത്തലാക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടരലക്ഷം പ്രവാസികള്‍ക്ക് സൗകര്യമൊരുക്കി എന്ന് വീമ്പ് പറഞ്ഞവരാണ് പതിനായിരത്തില്‍ താഴെ ആളുകള്‍ വന്നപ്പോഴേക്ക് പെട്ടിയും കിടക്കയും മടക്കി വെച്ചോടിയത് എന്നോര്‍ക്കണം
എങ്കിലും പി.ആര്‍ വര്‍ക്കിന്റെ മേന്‍മയിലും പഴയ എസ്എഫ്‌ഐക്കാര്‍ മാധ്യമപ്രവര്‍ത്തകരായ ചാനലുകളുടെ പിന്തുണ കൊണ്ടും പോരാത്തതിന് അവര്‍ തന്നെ ഫേസ്ബുക്കിലൂടെ സര്‍ക്കാറിനെ വാക്കുകൊണ്ടും എഴുത്തുകൊണ്ടും അത്തറുപൂശുന്നത് കൊണ്ടും ദുര്‍ഗന്ധം വല്ലാതെ പുറത്തേക്ക് വന്നിരുന്നില്ല. അതില്‍ ഒരു പരിധി വരെ വിജയിച്ചു എന്ന കാര്യത്തില്‍ അവര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്.

എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല കാര്യങ്ങള്‍. മുന്‍പത്തെ പോലെ രോഗികളുടെ എണ്ണം കുറവല്ല എന്ന് മാത്രമല്ല വളരെ കൂടുതലുമാണ്. പഴയ അത്തറുപൂശല്‍ പരിപാടി കൊണ്ട് ഇനി കാര്യങ്ങള്‍ നേരാംവണ്ണം മുന്‍പോട്ട് പോവില്ല. 

മാവൂര്‍ സ്വദേശി എങ്ങിനെയാണ് മരിച്ചത് എന്ന് നോക്കൂ. ഭര്‍ത്താവും ഭാര്യയും വിദേശത്ത് നിന്ന് വന്നതാണ്. രണ്ട് പേരെയും കോഴിക്കോട്ടെ ലോഡ്ജില്‍ ക്വാറന്റൈനിലാക്കി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് രോഗലക്ഷണം വന്നപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യയെ വീട്ടിലേക്കും മാറ്റി. ഭര്‍ത്താവിന് രോഗലക്ഷണമുണ്ടായിട്ടും ഭാര്യയുടെ സ്രവമെടുക്കാനോ പരിശോധിക്കാനോ തയ്യാറായില്ല. 

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഭര്‍ത്താവിനോടൊപ്പം അവരെയും പരിശോധിക്കാനും ചികിത്സിക്കാനും കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ അവരിന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഒരു പഞ്ചായത്ത് തന്നെ കണ്‍ടൈന്‍മെന്റ് സോണാണ്.

ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന മുറവിളി തുടങ്ങിയിട്ട് നാളുകളായി. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവരുടെയെങ്കിലും ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മതിയായ ചികിത്സ നല്‍കണം. പിആര്‍ വര്‍ക്കുകള്‍ കൊണ്ട് മാത്രം ഈ നാടിന് അതിജീവിക്കാനാവില്ല. ഒരു ജനതയെ ദയവ് ചെയ്ത് പരീക്ഷണത്തിന് വിട്ട് കൊടുക്കരുത്.

Post a Comment

0 Comments

Top Post Ad

Below Post Ad