Type Here to Get Search Results !

Bottom Ad

എന്‍മകജെയിലെ ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു


പെര്‍ള (www.evisionnews.co): ലോക്ക്ഡൗണ്‍മൂലം കര്‍ണാടകം വഴി അടച്ചതിനാല്‍ ദുരിതത്തിലായ എണ്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങള്‍ മഴക്കാലത്ത് അഡ്ക്കസ്ഥല പുഴയില്‍ വെള്ളം കൂടി കയറിയതോടെ ഒറ്റപ്പെട്ടു. പ്രദേശത്തെ ജനങ്ങളെ തേടി മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ധീന്‍ എത്തി. ഒന്നാം വാര്‍ഡായ സായ, രണ്ടാം വാര്‍ഡായ ചവര്‍ക്കാട് എന്നിവിടങ്ങളിലെ അയ്യായിരത്തോളം ജനങ്ങള്‍ കേരളത്തിലേക്ക് കടക്കാനാവാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ മഞ്ചേശ്വരം എംഎല്‍എയായിരുന്ന പരേതനായ പിബി അബ്ദുല്‍ റസാഖ് മുന്‍കയ്യെടുത്ത് എണ്‍മകജെ പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒന്നാം വാര്‍ഡായ സായയില്‍ നിന്നും പതിനേഴാം വാര്‍ഡായ അടുക്കസ്ഥലയിലേക്ക് പാലം നിര്‍മ്മിക്കാന്‍ അനുമതി തേടുകയും 14.5 കോടി ചെലവില്‍ പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിലേക്കാവശ്യമായ സ്ഥലം നാട്ടുകാര്‍ സൗജന്യമായി നല്‍കിയിരുന്നു. പിന്നീട് വന്ന സര്‍ക്കാരില്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ നിരന്തരം ഇടപെട്ടിട്ടും ഫണ്ടനുവദിക്കാത്തതിനാല്‍ പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. 

പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ ഫണ്ടനുവദിക്കുന്ന കാര്യത്തിലടക്കമുള്ള തടസങ്ങള്‍ ഉടന്‍ നീക്കി എത്രയുംവേഗം പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും ഈ ദുരിതാവസ്ഥ വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും എംസി ഖമറുദ്ധീന്‍ എംഎല്‍എ പറഞ്ഞു.

കേരളത്തിന്റെ ഭാഗമായ ഈ വാര്‍ഡുകളിലേക്ക് എത്തിച്ചേരാനുളള റോഡ് കര്‍ണാടകയുടെ ഭാഗമായതിനാലാണ് കര്‍ണാടക വഴിയടച്ചിട്ടത്. ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് വഴിയടച്ചതിനാല്‍ റേഷന്‍ വാങ്ങാന്‍ കേരളത്തിലേക്കെത്തിച്ചേരാന്‍ തടസങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ മഞ്ചേശ്വരം എംഎല്‍എ നേരിട്ടെത്തി ഈ പ്രദേശങ്ങളില്‍ താല്‍ക്കാലിക റേഷന്‍ വിതരണ കേന്ദ്രം ആരംഭിച്ചു പ്രശ്‌നം പരിഹരിച്ചിരുന്നു.

ഇപ്പോള്‍ പുഴയില്‍ വെള്ളം കൂടി കയറിയതോടെ പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യമറിഞ്ഞതിനാലാണ് എംഎല്‍എ വീണ്ടുമെത്തിയത്. മാഹിന്‍ കേളോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് കണ്ടിഗെ, വാര്‍ഡ് മെമ്പര്‍ ഐത്തപ്പ കുളാല്‍, ജയശ്രീ കുളാല്‍, ബിഎസ് ഗംഭീര്‍, അബൂബക്കര്‍ പെര്‍ദനെ, ഹക്കീം ഖണ്ടിഗെ, അന്‍സാര്‍ പെര്‍ള, ഹരീഷ് സായ, മുഹമ്മദ് ചവര്‍കാട് കൂടെയുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad