കാസര്‍കോട് (www.evisionnews.co): കിലോയ്ക്ക് 145 നിരക്കില്‍ കോഴിയിറച്ചി വില്‍പ്പന നടത്തണമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനത്തിന് പുല്ലുവില. ജില്ലയില്‍ പലേടത്തും 160 ആണ് കോഴിവില. 165 രൂപയ്ക്ക് വരെ വിറ്റ കടകളുണ്ട്.
റമസാന്‍ പെരുന്നാള്‍ വിപണിയുടെ മറവില്‍ കോഴി വിപണിയില്‍ കൊള്ളലാഭം കൊയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാഭരണകൂടം കിലോയ്ക്ക് 145 രൂപ നിരക്കില്‍ വില്‍ക്കണമെന്നും കൂടുതല്‍ വിലയ്ക്ക് വിറ്റാല്‍ നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം വ്യാപാരികളെ അറിയിച്ചത്. എന്നാല്‍ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി പഴയ വിലയില്‍ അഞ്ചുപൈസ മാറ്റമില്ലാതെയാണ് പലേടത്തും വില്‍പ്പന നടന്നത്.
മെയ് പകുതിയോടെയാണ് 110ല്‍ ഉണ്ടായിരുന്ന കോഴി വില 165-170 രൂപയിലെത്തിയത്. ലോക് ഡൗണിന് മുമ്പ് 25- 30 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിക്കാണ് അഞ്ചിരട്ടിയോളം വില വര്‍ധനവുണ്ടായത്. കൊറോണ രോഗ വ്യാപനത്തിന്റെ ആദ്യത്തില്‍ അഞ്ചു രൂപയിലേക്ക് വരെ കൂപ്പുകുത്തിയിരുന്ന കോഴി വിലയാണ് 165ലേക്ക് എത്തിയത്.
147രൂപക്ക് ലഭിക്കുന്ന കോഴി എങ്ങിനെ 145ന് വില്‍ക്കുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. അതേസമയം പേരിന് ലീഗല്‍ മെട്രോളജിയും സ്‌പെഷ്യല്‍ ഫോഴ്സും ഉണ്ടായിട്ടും സീസണുകളില്‍ നടത്തുന്ന ഇത്തരം കൊള്ളകള്‍ക്കെതിരെ അധികൃതരുടെ കണ്ണടക്കുകയാണെന്നാണ് വ്യാപക പരാതി. ഇത് മുന്നില്‍ കണ്ടാണ് കഴിഞ്ഞ ദിവസം കലക്ടര്‍ വില നിശ്ചയിച്ചതും. എന്നാല്‍ പഴയ വിലയില്‍ തന്നെയാണ് എല്ലായിടത്തും വില്‍പ്പന നടന്നത്. അതേസമയം ആക്ഷേപമുള്ളവര്‍ക്ക് വിളിച്ചറിയിക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ നമ്പറില്‍ വിളിച്ച് കിട്ടാത്ത പരാതിയും കിട്ടിയാല്‍ തന്നേ കാര്യമായ പ്രതികരണമില്ലെന്നും ആക്ഷേപമുണ്ട്.
Post a Comment
0 Comments