Type Here to Get Search Results !

Bottom Ad

പ്രവാസികളുടെ ആദ്യസംഘം ഇന്നെത്തും: ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തില്‍ നാല് കാസര്‍കോട് സ്വദേശികളും


കേരളം (www.evisionnews.co): കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് ഇന്ന് തുടക്കമാകും. വ്യാഴാഴ്ച രാത്രി 9.40ന് അബുദാബിയില്‍നിന്ന് കൊച്ചി നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നതോടെയാണ് ചരിത്രദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30നും എത്തും. ഇവയുള്‍പ്പെടെ എട്ടുവിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.

അബുദാബി- കൊച്ചി വിമാനത്തില്‍ 177 പേരും ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170 പേരുമാണ് എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനം ഉച്ചയ്ക്ക് 12 മണിയോടെ രാജ്യത്തുനിന്നും പുറപ്പെടും. ഒരു വിമാനത്തില്‍ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു.

കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താന്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്നതിനാണിത്. 20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശനാനുമതി. കോവിഡ് പോസിറ്റീവ് ആവുന്നവര്‍ യുഎഇ നിഷ്‌കര്‍ഷിക്കുന്ന ഐസൊലേഷന്‍ അടക്കമുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

പനി, ചുമ, ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവര്‍ക്കും യാത്രാനുമതിയില്ല. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് മുഖാവരണം, ഗ്ളൗസ്, അണുനാശിനി എന്നിവയടക്കം ഉള്‍പ്പെടുന്ന സുരക്ഷാക്കിറ്റുകള്‍ വിതരണം ചെയ്യും. യാത്രക്കാരെല്ലാം മാസ്‌ക്കും ഗ്ലൗസും നിര്‍ബന്ധമായും ധരിച്ചിരിക്കണം. വിമാനത്താവളത്തിനുള്ളില്‍ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad