കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ വരുന്ന ടാറ്റയുടെ ആസ്പത്രിയുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ക്ക് മറുപടിയമായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. എന്റെ കത്ത് വഴി ടാറ്റ ഹോസ്പിറ്റലിന്റെ വരവ് സുദൃഢമായിരിക്കുകയാണ്. എനിക്കതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും എംഎല്‍എ പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആസ്പത്രി നിര്‍മാണം ചട്ടഞ്ചാല്‍ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്ഥലത്ത് തുടങ്ങിയെന്ന് ഞായറാഴ്ചയിലെ പത്രങ്ങളിലും വാര്‍ത്ത വന്നതാണ്. ശനിയാഴ്ച വൈകിട്ടാണ് എംഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ കത്ത് ലഭിക്കുന്നത്. ആസ്പത്രി തുടങ്ങുന്നതിന് എംഐസിയുടെ സ്ഥലം ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് തന്നെ അവിടെ പണി ആരംഭിച്ചിട്ടുണ്ട്. ഇത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും ചര്‍ച്ചചെയ്തു തീരുമാനമെടുത്ത് രേഖകള്‍ കൈമാറുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടണമെന്നുമായിരുന്നു കത്ത്. എന്നാല്‍ കത്തില്‍ പറഞ്ഞ കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുക എന്ന കവറിംഗ് ലെറ്ററോട് കൂടി ബന്ധപ്പെട്ടവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയാണ് ഞാന്‍ ചെയ്തത്.
കത്ത് നല്‍കിയതിന് ശേഷമാണ് എംഐസി ഭാരവാഹികളുമായി റവന്യൂ വകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തിയത്. ടാറ്റാ ആസ്പത്രിക്ക് സ്ഥലം നല്‍കാന്‍ തീരുമാനമാവുകയും ചെയ്തു. രേഖകള്‍ കൈമാറുന്നതിന് എംഐസിയുടെ സ്ഥലത്ത് പ്രവൃത്തി തുടങ്ങിയ ജില്ലാ ഭരണകൂടമാണോ ആശയകുഴപ്പം സൃഷ്ടിച്ചതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ആ കത്ത് വഴി ടാറ്റ ഹോസ്പിറ്റലിന്റെ വരവ് സുദൃഢമായിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

Post a Comment
0 Comments