കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആശുപത്രിയിലടക്കം ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി സംശയം. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെയാണ് തുടര്‍ചികിത്സ വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെയടക്കം ചില സ്വകാര്യ ആശുപത്രി അധികൃതര്‍ ബന്ധപ്പെടുന്നതായാണ് വിവരം. ഡോക്ടര്‍മാരും ഏജന്റുമാരും ഇക്കാര്യം ആവശ്യപ്പെട്ട് രോഗികളെയും കുടുംബാംഗങ്ങളെയും നേരിട്ട് വിളിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
കോവിഡ് രോഗികളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ഒരു കാരണവശാലും പുറത്ത് പോകാന്‍ പാടില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്ന സമയത്താണ് വിവരചോര്‍ച്ചയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം സ്വകാര്യ ആശുപത്രികളില്‍ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗം ഭേദമായവര്‍ക്കാണ് ഫോണ്‍ കോളുകള്‍ ലഭിക്കുന്നത്. രോഗം നിര്‍ണയിച്ചതു മുതല്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയാണ് ചെയ്തിരുന്നത്. തുടര്‍ ചികിത്സയും അങ്ങനെ തന്നെ. ഇതിനിടയിലാണ് വിദേശത്തു നിന്നെത്തിയ ഇവരെ തേടി ചില സംഘങ്ങള്‍ എത്തിയത്.
കോവിഡ് ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. രോഗികളുടെ ഡാറ്റ സര്‍ക്കാരിന് മാത്രമാണ് നല്‍കുന്നതെന്നും ആരും കെണിയില്‍ വീണുപോകരുതെന്നുമാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
ഇക്കാര്യം ഗൗരവത്തിലെടുത്ത് സത്യാവസ്ഥ തുറന്നുപറയാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും തയാറാവണം. രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments